കണ്ണൂർ- ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ താരമായി സ്വാമി അഗ്‌നിവേശ്. നരേന്ദ്ര മോഡിയേയും അമിത് ഷായേയും പരസ്യമായി വെല്ലുവിളിച്ചും പരിഹസിച്ചും സ്വാമി നടത്തിയ പ്രസംഗം നിലക്കാത്ത കൈയ്യടിയോടെയാണ് റാലിയിൽ പങ്കെടുത്ത പതിനായിരങ്ങൾ സ്വീകരിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ പൈതൃക രേഖകൾ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി, സ്വന്തം രേഖകൾ ആദ്യം കാണിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. കണ്ണൂരിൽ ഇതാദ്യമായാണ് സ്വാമി അഗ്‌നിവേശ് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
ഓംകാരവും അല്ലാഹു അക്ബർ വിളിയും സംയോജിച്ച് പതിനായിരങ്ങൾ പങ്കെടുത്ത റാലിയിൽ ഹർഷാരവത്തോടെയാണ് സ്വാമി അഗ്‌നിവേശിന്റെ പ്രസംഗം ജനങ്ങൾ ശ്രവിച്ചത്.
എല്ലാ ദൈവങ്ങളും ഒന്നാണ്. വസുധൈവ കുടുംബകം പോലെയാണ് ഇന്ത്യക്കാരെന്നും സ്വാമി പറഞ്ഞു. ജാതി മത രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിച്ചു കൊടുക്കരുത്. സാമൂഹ്യനീതി ഉറപ്പു വരുത്തുമെന്നത് ഭരണഘടന നൽകുന്ന വാഗ്ദാനമാണ്. ഇത് കാത്തു സൂക്ഷിക്കണം. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമാകില്ലെന്നും, ഭാരത രാഷ്ട്രമായി തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിക്ക് തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കയാണ്. ത്സാർഖണ്ഡ്, ദില്ലി എന്നിവിടങ്ങളിലെ ജനങ്ങൾ ബി.ജെ.പിയെ കൈവിട്ടു കഴിഞ്ഞു. സി.എ.എക്കെതിരെ കേരള നിയമസഭയിൽ ഭരണ പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം രാജ്യത്തിന് തന്നെ മാതൃകയായി.
ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരെ അഭിനന്ദിക്കുന്നു.
ഈ പ്രമേയം മാതൃകയാക്കിയാണ് പിന്നീട് ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയത്. ഇതിൽ കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം.
അസമിൽ പൗരത്വ നിയമം നടപ്പാക്കിയപ്പോൾ 90 ലക്ഷം പേരാണ് പുറത്തായതെന്ന് നാം കണ്ടതാണ്. എന്തിനാണ് സർക്കാർ കൂടുതൽ തടങ്കൽ പാളയങ്ങൾ പണിയുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുടർച്ചയായി നുണ പറഞ്ഞു കൊണ്ടിരിക്കയാണ്. ഇതിനുള്ള ശിക്ഷയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ നൽകിയത്. കണ്ണൂരിൽ നടന്ന ഈ പ്രതിഷേധം പ്രധാനമന്ത്രിക്കെതിരായ താക്കീതാണ്.സി.എ.എ പിൻവലിച്ച് രാജ്യത്തോട് മാപ്പു പറയാൻ പ്രധാനമന്ത്രി തയ്യാറാവണം. സി.എ.എയും എൻ.ആർ.സിയും ഇവിടെ വേണ്ട. എന്നാൽ ദേശീയ സെൻസസിനെ സ്വാഗതം ചെയ്യുന്നു. സി.എ.എ മുസ്‌ലിം ജനവിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട ബഹുഭൂരിപക്ഷം ജനങ്ങളെയുമാണ്. ഇവരിൽ പലർക്കും പൂർവികരുടെ രേഖകൾ കാണിക്കാനുണ്ടാവില്ല. ഒരു കുട്ടി എഴുന്നേറ്റ് നിന്ന് പ്രധാനമന്ത്രിയോട് പൂർവികരുടെ രേഖ കാണിക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ, ഡി എൻ എ യുടെ രേഖകൾ കാണിക്കാൻ സാധിക്കുമോ സ്വാമി ചോദിച്ചു. ജനങ്ങളെ ഒറ്റപ്പെടുത്തുന്ന, പൂർവികരുടെ രേഖകൾ കാണിക്കാൻ പറയുന്ന സി.എ.എയെ എതിർത്തു തോൽപ്പിക്കണം. ഇത് അംഗീകരിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവും - സ്വാമി പറഞ്ഞു.
പ്രക്ഷോഭകരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എതിർപ്പുമായി സ്വാമി, തന്റെ തലപ്പാവ് ഊരി മുസ്‌ലിം ലീഗ് നേതാവ് വി.കെ. അബ്ദുൽ ഖാദർ മൗലവിയെ അണിയിച്ച്, അദ്ദേഹത്തിന്റെ തൊപ്പി സ്വന്തം തലയിൽ അണിഞ്ഞത് ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
പരിപാടിക്കിടയിൽ, മോഡിയുടെ കറുത്ത ദിനത്തിനെതിരെ എല്ലാവരും കൈവശമുള്ള മൊബൈൽ ക്യാമറ ലൈറ്റ് ഓണാക്കാൻ സ്വാമി ആവശ്യപ്പെട്ടതോടെ, കലക്ട്രേറ്റ് മൈതാനം ഏതാനും സമയം വെളിച്ചത്തിന്റെ കടലായി മാറി.