തിരുവനന്തപുരം- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശിച്ച് അദ്ദേഹത്തെ വിട്ടയച്ചു. ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. രാവിലെ 11 മുതല്‍ പൂജപ്പുരയിലെ വിജിലന്‍സ് സ്‌പെഷല്‍ യൂനിറ്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. എസ്.പി വിനോദ്കുമാര്‍, ഡിവൈ.എസ്.പി. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യാവലി തയാറാക്കിയുള്ള ചോദ്യം ചെയ്യല്‍.
ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതുള്‍പ്പെടെ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നിയമസഭ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
പാലാരിവട്ടം പാലം കരാറുകാരായ ആര്‍.ഡി.എസ്. കമ്പനിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി സുമിത് ഗോയല്‍, നിര്‍മാണ കമ്പനിയായ ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരെ നേരത്തേ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലന്‍സ് നീക്കം. ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍കൂറായി കരാറുകാര്‍ക്ക് പണം നല്‍കിയതെന്ന ടി.ഒ. സൂരജിന്റെ മൊഴിയാണ് ഇതില്‍ പ്രധാനം.
പാലാരിവട്ടം പാലം പണിമുയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ തനിക്കു പങ്കില്ലെന്നും മന്ത്രി എന്ന നിലയില്‍ നേരിട്ട് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് സ്വീകരിച്ച നിലപാട്. പാലത്തിന്റെ നിര്‍മാണത്തിന് ഭരണാനുമതി നല്‍കുകയായിരുന്നു തന്റെ ഉത്തരവാദിത്തം. നിര്‍മാണ പ്രവര്‍ത്തനത്തില്‍ തനിക്ക് പങ്കില്ല. ഇതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുന്നത് മന്ത്രിയല്ലെന്നും ഉദ്യോഗസ്ഥരാണെന്നും മന്ത്രി വാദിക്കുന്നു.