കുവൈത്ത് സിറ്റി- കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ആറ് പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ പുനരവലോകനം ചെയ്യാന്‍ കുവൈത്ത്. നിര്‍മാണ മേഖലയിലെ സുരക്ഷാ നടപടികളിലെ വീഴ്ചയാണ് ദുരന്ത കാരണമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. സമാന അപകടങ്ങളില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 37 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്.
കഴിഞ്ഞ ദിവസം അപകടമുണ്ടായ പാര്‍പ്പിട നഗര നിര്‍മാണ സൈറ്റില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരില്‍ ഭൂരിപക്ഷത്തിനും അക്രഡിറ്റേഷന്‍ ഇല്ലെന്ന് കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ഫൈസല്‍ അല്‍ അതീല്‍ വെളിപ്പെടുത്തി. എന്‍ജിനീയര്‍മാര്‍ അക്രഡിറ്റേഷന്‍ ഉള്ളവരായിരിക്കണമെന്ന് സൊസൈറ്റി നിരന്തരം ആവശ്യപ്പെടുന്നുവെങ്കിലും വിദേശ കണ്‍സല്‍ട്ടന്റുമാര്‍ക്ക് കീഴില്‍ ഒട്ടേറെ പേര്‍ ഇപ്പോഴും അക്രഡിറ്റേഷന്‍ സമ്പാദിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.