ആലപ്പുഴ- അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്‍. കുട്ടിയുടെ ജനനേന്ദ്രിയത്തിന് അടക്കം പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പുതുവല്‍ സ്വദേശി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.
വൈശാഖിന്റെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള ആണ്‍കുട്ടിയെ ഇയാള്‍ ഇടക്കിടെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് വിവരം. ശരീരത്തില്‍ പലഭാഗങ്ങളിലും മുറിവുകളുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ സാരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യാവസ്ഥ വളരെ മോശമായതിനാല്‍ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും വീട്ടിലെത്തി പരിശോധിച്ചു. തുടര്‍ന്നാണ് ഈ വിവരം പോലിസില്‍ അറിയിച്ചത്. വൈശാഖിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി.