പാലക്കാട്- മുസ്‌ലിംകൾക്ക് നേരം വിവേചനം കാട്ടുന്ന പുതിയ പൗരത്വഭേദഗതി നിയമത്തിനെതിരെ എന്തുവിലകൊടുത്തും പോരാട്ടം തുടരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. ലോക്സഭാ പാസാക്കിയ കരിനിയമം അതേസഭ തന്നെ തിരുത്തുന്നതുവരെ മുഴുവൻ ബഹുജനസമൂഹവുമായി കൈകോർത്തുകൊണ്ട് പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ജില്ലാ ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാഷ്ട്രത്തിന്റെ സ്വതന്ത്രത്തിൽ ഒരുകണികപോലും പങ്കുവഹിക്കാത്തവരും സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവരുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ഗോഡ്സെയെ വരെ അവർ പുണ്യവാനാക്കുന്നു.
നിയമലംഘനപ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിനെ എതിർത്ത ആനിബസന്റിനോട് നീതിപൂർവമല്ലാത്ത നിയമങ്ങൾ ലംഘിക്കുമെന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ആർ.എസ്.എസ് അതിന്റെ നൂറാംവർഷത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് പറയുന്നത്. അവരുടെ പരിപാടികളിൽ അത്തരത്തിലുള്ള പ്രതിജ്ഞയാണ് ചൊല്ലികൊടുക്കുന്നത്. ഇന്ത്യയുടെ ശത്രുക്കൾ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെന്നാണ് ഹിന്ദുത്വവാദികൾ പറയുന്നത്. ഗാന്ധിജിയുടെ സഹനസമരങ്ങളാണ് നമുക്ക് ഇപ്പോൾ ഊർജമാകേണ്ടത്.
ഇവിടെ ഭയപ്പെട്ടു പിൻമാറാൻ തയ്യാറല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ജൈനരും എല്ലാം ചേർന്ന് പൊതുപ്രക്ഷോഭത്തിലൂടെ ഭരണക്കാരെ തിരുത്തിക്കും. ജില്ലയിലെ ഷഹീൻബാഗിൽ വയോധികർ വരെ സ്വയംമറന്ന് സമരത്തിനിറങ്ങിയിരിക്കുന്നു. രാജ്യത്ത് എല്ലായിടത്തും പ്രക്ഷോഭം അലയടിക്കുകയാണ്.
അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും മാത്രം പൗരത്വപട്ടികയിൽ ഉൾപ്പെടുത്തി മുസ്ലിംകളെ അന്യവത്ക്കരിക്കുകയും മ്യാൻമാറിലും ഭൂട്ടാനിലും ശ്രീലങ്കയിലും നടക്കുന്ന പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയുമാണ് മോദിസർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി മരക്കാർ മാരായമംഗലം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വി.കെ ശ്രീകണ്ഠൻ എം.പി, മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.എ.എം.എ കരീം, സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ, ജില്ലാ ട്രഷറർ പി.എ തങ്ങൾ, സീനിയർ വൈസ്പ്രസിഡന്റ് എം.എം ഹമീദ്, വിവിധ സമുദായസംഘടനകളെ പ്രതിനിധീകരിച്ച് സലാഹുദ്ദീൻ ഫൈസി, പി.പി ഉണ്ണീൻകുട്ടിമൗലവി, ശിഹാബ് പൂക്കോട്ടൂർ, ടി.കെ അഷ്റഫ്, എൻ.എം അബ്ദുൽജലീൽ, ഇല്യാസ് ബാഖവി ഇംദാദി, സുലൈമാൻ മുസ്ലിയാർ ചുണ്ടംപറ്റ, ഇബ്രാഹിം മൗലവി, ജബ്ബാറലി, എം.പി.എ ബക്കർ, ഷംസുദ്ദീൻ മാസ്റ്റർ, അൽത്താഫ്, ജനതാദൾ നേതാവ് അഡ്വ.ജോൺ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. സി.മുഹമ്മദലി ഫൈസി സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.