കോഴിക്കോട്- ഗാന്ധി ഘാതകനായ ഗോഡ്‌സെ ഒരു തോക്കായിരുന്നെങ്കിൽ അത് പിടിച്ച കൈ ആയിരുന്നു പി.പരമേശ്വരനെന്ന് പ്രമുഖ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. അധ്യാപകരുടെയും ജീവനക്കാരുടെയും സാംസ്‌കാരിക സംഘടനയായ സെറ്റ്ക സംഘടിപ്പിച്ച ബി.ഷാജു അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മരണം കൊണ്ട് ആരും അപഹസിക്കപ്പെടാതിരിക്കില്ല. അപഹസിക്കപ്പെടേണ്ട പ്രവൃത്തി ചെയ്തവരാണെങ്കിൽ മരണ ശേഷവും അപഹസിക്കപ്പെടും. ചിലതിനെ അവഗണിക്കുക എങ്കിലും ചെയ്യാമായിരുന്നു. അപ്പോഴാണ് പി.പരമേശ്വരനെ ഋഷി തുല്യരെന്ന് ചിലർ പറയുന്നത്. ഇത് തെറ്റാണ്'-കൽപ്പറ്റ പറഞ്ഞു.
മുതിർന്ന ആർ.എസ്.എസ് പ്രചാരകനായ പി.പരമേശ്വരന്റെ മരണത്തിന് ഋഷി തുല്യമായ ജീവിതം നയിച്ചയാൾ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനക്കുറിപ്പിൽ പരാമർശിച്ചത്. മാധ്യമങ്ങളുൾപ്പെടെ പി.പരമേശ്വരന്റെ മരണത്തിൽ അമിത പ്രാധാന്യം നൽകുന്നു എന്ന ആരോപണം നിലനിൽക്കെയാണ് കൽപ്പറ്റ നാരായണന്റെ വിമർശനം. ഫെബ്രുവരി 9 നാണ് ആർ.എസ്.എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയരക്ടറുമായ പി.പരമേശ്വരൻ രമിച്ചത്. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ബി.ഷാജു അനുസ്മരണ ചടങ്ങിൽ കെ.സി.ഉമേഷ് ബാബു, കെ.എസ്.ഹരിഹരൻ ഡോ. ആസാദ്, അഡ്വ. കുമാരൻകുട്ടി എന്നിവർ പങ്കെടുത്തു.