റിയാദ്- ഈ വർഷാദ്യം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ റിയാദ് പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ സ്‌പോൺസർമാരുടെ സമ്മതം തേടാതെ 2656 വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകി. സ്‌പോൺസർമാരുടെ സമ്മതം തേടാതെ 70 വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ അപേക്ഷകളിലും ലേബർ ഓഫീസുകൾ നടപടികൾ പൂർത്തിയാക്കി. ഇതേ രീതിയിൽ പതിനഞ്ച് ഡോക്ടർമാർക്കും എൻജിനീയർമാർക്കും വർക്ക് പെർമിറ്റുകൾ അനുവദിച്ചു. ഹുറൂബ് നീക്കം ചെയ്യുന്നതിന് നൽകിയ 1200 അപേക്ഷകളിലും റിയാദ് പ്രവിശ്യയിൽപെട്ട ലേബർ ഓഫീസുകൾ ഇക്കാലയളവിൽ നടപടികൾ പൂർത്തിയാക്കി. വ്യാജ ഹുറൂബുകളും അല്ലാത്ത ഹുറൂബുകളുമാണ് അപേക്ഷകളുടെ സത്യാവസ്ഥ അന്വേഷിച്ച് ഉറപ്പുവരുത്തി നീക്കം ചെയ്തത്.
ഫൈനൽ എക്‌സിറ്റ് ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ വർക്ക് പെർമിറ്റ് നേടുന്നതിന് വിദേശ തൊഴിലാളികളുടെ ഇഖാമയുടെയോ വർക്ക് പെർമിറ്റിന്റെയോ കാലാവധി അവസാനിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ റിലേഷൻസ് വിഭാഗം മേധാവി സൗദ് അൽശലവി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്‌സിറ്റ് ആവശ്യത്തിനു വേണ്ടിയുള്ള വർക്ക് പെർമിറ്റിനു വേണ്ടി സ്‌പോൺസറെ സമീപിക്കാതെ വിദേശികൾക്ക് നേരിട്ട് ലേബർ ഓഫീസുകളിലെത്താവുന്നതാണെന്നും സൗദ് അൽശലവി പറഞ്ഞു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വിദേശ തൊഴിലാളികളെ ഹുറൂബാക്കി 20 ദിവസം പിന്നിട്ട ശേഷം തൊഴിലുടമകൾക്ക് ഹുറൂബ് നീക്കം ചെയ്യാൻ അവകാശമില്ലെന്ന് റിയാദ് ലേബർ ഓഫീസ് മേധാവി അബ്ദുൽ കരീം അസീരി പറഞ്ഞു. വ്യാജ ഹുറൂബ് ആണെന്ന് തെളിയിക്കാൻ സാധിക്കുന്ന പക്ഷം ഹുറൂബ് നീക്കം ചെയ്യുന്നതിന് വിദേശികൾക്കും അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പഴയ തൊഴിലുടമയുടെ അടുത്തേക്ക് മടങ്ങുന്നതിന് നിയമം വിദേശികളെ അനുവദിക്കുന്നില്ല. പകരം ഇവർക്ക് മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാവുന്നതാണ്.
വിദേശ തൊഴിലാളിയെ ഹുറൂബാക്കിയത് വ്യാജമായാണെന്ന് തെളിഞ്ഞാൽ ആദ്യ തവണ വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഒരു വർഷത്തേക്ക് സ്ഥാപനത്തിന് വിലക്കും.
നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തേക്ക് സേവനങ്ങൾ വിലക്കും. മൂന്നാമതും ഇതേ നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും അഞ്ചു വർഷത്തേക്ക് വിലക്കുമെന്നും അബ്ദുൽ കരീം അസീരി പറഞ്ഞു. സർവീസ് ആനുകൂല്യങ്ങൾ അടക്കം നിയമാനുസൃത അവകാശങ്ങൾ വിദേശ തൊഴിലാളികൾക്ക് നിഷേധിക്കുന്നതിനും അവരെ നിയമ കുരുക്കുകളിൽ കുടുക്കുന്നതിനും ശ്രമിച്ചാണ് ചില തൊഴിലുടമകൾ തൊഴിലാളികൾ ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി വ്യാജ പരാതി (ഹുറൂബാക്കൽ) നൽകുന്നത്.
അതേസമയം, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ പരിശോധനയുമായി ബന്ധപ്പെട്ട് സൗദി ജീവനക്കാരന്റെ പരാതിയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിശദീകരണം നൽകി. തൊഴിൽ പരിശോധനയുമായി ബന്ധപ്പെട്ട് സൗദി ജീവനക്കാരൻ പരാതിപ്പെടുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലും പ്രത്യേകം തയാറാക്കുന്ന സമയക്രമം അനുസരിച്ചുമാണ് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു. തൊഴിൽ പരിശോധനകൾക്കിടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ ഓൺലൈൻ വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് തൊഴിലുടമകൾക്ക് അവസരവും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം മൂലം സൗദി ജീവനക്കാരൻ തൊഴിൽ പരിശോധനാ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നില്ല എങ്കിൽ അക്കാര്യം തൊഴിലുടമകൾക്ക് തെളിയിക്കാവുന്നതാണ്. സ്വദേശിയെ ജോലിക്കു വെച്ചത് തെളിയിക്കുന്ന രേഖകൾ സഹിതമാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്.
തൊഴിൽ നിയമ പാലന തോത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏതാനും പദ്ധതികൾ സമീപ കാലത്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്തെല്ലാം ബാധ്യതകളാണ് തങ്ങൾ ഇനിയും പാലിക്കാനുള്ളത് എന്ന കാര്യം അറിയുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്ന സ്വയം വിലയിരുത്തൽ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ആദ്യമായി നടത്തുന്ന തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ സംഖ്യയുടെ 80 ശതമാനം എഴുതിത്തള്ളുന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനു പകരം തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴസംഖ്യ 70 ശതമാനം വരെ ഇളവ് ചെയ്തു കൊടുക്കുന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.