കൊച്ചി- കേരള പോലീസിലെ വിവിധ തട്ടിപ്പുകൾ പുറത്തുവന്നതിനു പിന്നാലെ സെൻട്രലൈസ്ഡ് ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം (സിംസ്) പദ്ധതിയിലും തട്ടിപ്പെന്നാരോപിച്ച് ആൾ കൈൻഡ്‌സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് ഇന്റഗ്രേറ്റേഴ്‌സ് അസോസിയേഷനും രംഗത്ത്. സ്ഥാപനങ്ങളിലും മറ്റും സി.സി.ടി.വി ഉൾപ്പടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നവരുടെ അസോസിയേഷനാണ് പദ്ധതി നടത്തിപ്പിനു വേണ്ടി ഗാലക്‌സോൺ എന്ന കമ്പനിയെ ഏൽപിച്ചതിൽ പ്രതിഷേധിച്ച് രംഗത്തു വന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിച്ച്, അക്രമികളും മറ്റും വന്നാൽ പോലീസിലേക്ക് സന്ദേശമെത്തുകയും ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യുന്ന നൂതന സുരക്ഷാ പദ്ധതിയാണ് സിംസ്. ഇതിനായി തെരഞ്ഞെടുത്ത ഗാലക്‌സോൺ എന്ന കമ്പനിയെകുറിച്ച് തങ്ങൾ അന്വേഷിച്ചിട്ടും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി.
പോലീസ് വകുപ്പ് കെൽട്രോണിനെ ഏൽപിച്ച കരാർ ഗാലക്‌സോണിന് മറിച്ചു നൽകുകയായിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ വിവരാവകാശം മുഖേന അന്വേഷിച്ചപ്പോൾ കെൽട്രോണിനു മാത്രമാണ് കരാർ നൽകിയിട്ടുള്ളതെന്നാണ് പോലീസ് വകുപ്പ് മറുപടി നൽകിയത്. സി.സി.ടി.വി കാമറ സ്ഥാപിക്കുകയും അനുബന്ധ സേവനങ്ങൾ നൽകുകയും ചെയ്യുന്ന 4000 ത്തിലേറെ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇതിൽ പലതും പോലീസ് വകുപ്പുമായി സഹകരിച്ച് പല പദ്ധതികളിലും പ്രവർത്തിക്കാറുണ്ട്. എന്നാൽ, സിംസ് പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചതും ഗാലക്‌സോണിന് നൽകിയതുമൊന്നും ഇതിലൊരാളു പോലും അറിഞ്ഞിട്ടില്ലെന്നത് ദുരൂഹമാണ്.
ഈ കമ്പനിക്ക് കരാർ പൂർണമായും നൽകുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രിക്കും ഒക്ടോബറിൽ കെൽട്രോൺ എം.ഡിക്കും പരാതി നൽകിയിട്ടും നടപടിയായിട്ടില്ല. സംഭവത്തിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്ന് അക്കേഷ്യ സംസ്ഥാന സെക്രട്ടറി എം.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ദീപു ഉമ്മൻ, ജില്ല പ്രസിഡന്റ് കെ.എ.ഫിറോസ്, എ.എം.ജോസ്, മാഹിൻ ഇബ്രാഹിം, ഡിക്‌സി ജോസ് വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.