കാസർകോട് - മംഗളൂരു വിമാനത്താവളത്തിൽ മലയാളി യാത്രക്കാർക്ക് പീഡനം വർധിച്ചതായി ആക്ഷേപം. കഴിഞ്ഞ ദിവസം ഗൾഫിലേക്ക് പോകുന്ന സഹോദരന്റെ ഫോട്ടോയെടുത്തതിന്റെ പേരിൽ മഞ്ചേശ്വരത്തെ 17-കാരൻ സുരക്ഷാജീവനക്കാരുടെ ക്രൂര മർദനത്തിനിരയായി.
മഞ്ചേശ്വരം ബഡാജെയിലെ അബൂബക്കർ അനസിനാണ് (17) മർദനമേറ്റത്. ജ്യേഷ്ഠൻ മുഹമ്മദ് ഹാരിസ് എന്ന അർഷാദിനെ യാത്രയാക്കാനാണ് അനസ് മംഗളൂരു വിമാനത്താവളത്തിലെത്തിയത്. സഹോദരൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നതിനാൽ വിമാനത്താവളത്തിന് മുന്നിൽ വെച്ച് അനസ് ഫോട്ടോയെടുക്കുമ്പോൾ സുരക്ഷാജീവനക്കാരെത്തി തടയുകയായിരുന്നു. വാക്കുതർക്കത്തിനിടെ ഇവർ അനസിനെ കൈയ്യാമം വെച്ച് നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടി. എന്നാൽ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സുരക്ഷാ ജീവനക്കാർ അനസിനെതിരെ ബജ്പെ പോലീസിൽ പരാതി നൽകി.
പോലീസെത്തി അനസിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഏറെ വൈകി നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 500 രൂപ പിഴ അടപ്പിക്കുകയും പരാതിയൊന്നുമില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. മംഗളൂരു വിമാനത്താവളത്തിൽ മലയാളി യാത്രക്കാർക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നതായി പൊതുവെ പരാതിയുണ്ട്. പാസ്പോർട്ട് കീറിയതടക്കമുള്ള നിരവധി പരാതികൾ എയർപോർട്ട് അധികൃതർക്കെതിരെ ഉയർന്നു വന്നിരുന്നു.