തിരുവനന്തപുരം-റെന്റ് എ കാര്‍ പദ്ധതിയുമായി റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍. ഇന്‍ഡസ് മോട്ടോഴ്‌സുമായി സഹകരിച്ച് തെരഞ്ഞെടുത്ത നാല് സ്‌റ്റേഷനുകളിലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഡ്രൈവറില്ലാതെ സ്വന്തമായി വാടക കാര്‍ ഓടിച്ചു യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്നവര്‍ക്കായാണ് റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ റെന്റ് എ കാര്‍ സംവിധാനം ഒരുക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത്, സൗത്ത്, തൃശൂര്‍ സ്‌റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ഓരോ സ്‌റ്റേഷനുകളിലും 5 കാറുകള്‍ തയ്യാറാക്കി നിര്‍ത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വാടകക്ക് വിട്ടു കൊടുക്കുകയുമാണ് ചെയ്യുന്നത്.പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സിന്റെ ഇന്‍ഡസ് ഗോ ഓണ്‍ലൈന്‍ വഴിയാണ് സേവനം ലഭിക്കുക. പദ്ധതിയനുസരിച്ച് ഒരു സ്‌റ്റേഷനില്‍ നിന്ന് വാടകക്കെടുക്കുന്ന കാര്‍ ഈ നാല് സ്‌റ്റേഷനുകളിലേതെങ്കിലും ഒന്നില്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതിയാകും.