Sorry, you need to enable JavaScript to visit this website.

കേരള പോലീസിൽ മുഖ്യമന്ത്രിക്ക്  നിയന്ത്രണമില്ലാതായി -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- കേരള പോലീസിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് തെളിയിക്കുന്നതാണ് ഡി.ജി.പിയടക്കം ഉൾപ്പെട്ട ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കോടികൾ വകമാറ്റിയതും സാങ്കേതിക ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടും മാത്രമല്ല സ്വന്തം ആയുധങ്ങളും വെടിയുണ്ടകളും സൂക്ഷിക്കാനാവാത്ത സേനയാണ് കേരള പോലീസ് എന്നത് ആഭ്യന്തര സുരക്ഷയെ തന്നെ ആശങ്കപ്പെടുത്തുന്നതാണ്.

കാണാതായ വെടിയുണ്ടകൾക്ക് പകരം കൃത്രിമ വെടിയുണ്ടകൾ കാണിച്ചത് പോലീസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം. തൽക്കാലം അവധിയിൽ പ്രവേശിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ഡി.ജി.പി നടത്തുന്നത്. ഇതുവരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മുഖ്യമന്ത്രി, ബെഹ്‌റക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കുകയാണെന്ന് വ്യക്തമാണ്. വൻ അഴിമതിയും ക്രമക്കേടും നടത്തുന്നവരെ പോലീസ് സേനയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും പോലീസ് ഭാഷ്യം അതേപടി ആവർത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും പോലീസിലെ അഴിമതിക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News