Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങളില്ലെന്ന് സിദ്ദീഖ്

കോഴിക്കോട് - നടപ്പാക്കാനാവാത്ത പദ്ധതികളുടെ നീണ്ട നിരയാണ് ബജറ്റെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാറിനെതിരേ എന്ന മുദ്രാവാക്യമുയർത്തി 15ന് ജില്ലയിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പ്രകടനവും സംഗമങ്ങളും നടത്തും. നികുതി ഭീകരതക്കും കാർഷിക മേഖലയോടുള്ള അവഗണനക്കും നവ കേരള നിർമാണ തകർച്ചക്കുമെതിരേ ഫെബ്രുവരി 26ന് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും നടത്തും. ബജറ്റിൽ കോഴിക്കോടിനെ സമ്പൂർണമായി അവഗണിക്കുകയായിരുന്നു. പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 
ടൂറിസം, മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ്, പൊതുമേഖല സ്ഥാപനങ്ങൾ, കിനാലൂർ വ്യവസായ പാർക്ക് തുടങ്ങിയ പദ്ധതികൾക്കൊന്നും തുക വകയിരുത്തിയിട്ടില്ല. ഭരണാനുമതി നൽകാതെ വെറും വാചക കസർത്ത് മാത്രമാണ് ബജറ്റ്. 


സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭത്തെ ഒറ്റുകൊടുക്കുന്നതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തകർക്കാൻ മോഡി സർക്കാർ കൂട്ടുപിടിച്ചത് പിണറായി വിജയനെയാണ്. ഇവർ തമ്മിലുള്ള അന്തർധാര നിയമസഭ മുതൽ പാർലമെന്റ് വരെ എത്തിയിരിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതിന്റെ ഇടനിലക്കാരനാണ്. 


പുതിയ ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി. അബു, പി.എം. സുരേഷ് ബാബു തുടങ്ങിയ മുതിർന്ന നേതാക്കളെ കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. പരാതിയോ പരിഭവമോ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു. 
വാർത്താസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചോലക്കൽ രാജേന്ദ്രൻ, രാജേഷ് കീഴരിയൂർ എന്നിവരും പങ്കെടുത്തു.

Latest News