Sorry, you need to enable JavaScript to visit this website.

പോലീസിലെ ആയുധങ്ങൾ അപ്രത്യക്ഷമായത് സി. ബി. ഐ അന്വേഷിക്കണം -എസ്.ഡി.പി.ഐ

കൊച്ചി - സംസ്ഥാന പോലീസ് സേനയിലെ ആയുധങ്ങൾ അപ്രത്യക്ഷമായെന്ന സിഎജി കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന സംഭവം സിബിഐ അന്വേഷിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകൾ കാണാനില്ലെന്ന് 2015ൽ റിപോർട്ട് വന്നിരുന്നു. സംസ്ഥാനത്ത് ആർഎസ്എസിന്റെ വക്താവായി മാറിയിരിക്കുന്ന ടി പി സെൻകുമാർ ആയിരുന്നു അന്നത്തെ ഡിജിപി. അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വർധിക്കുന്നു. ഒറിജിനൽ കാർട്‌റിഡ്ജുകൾ എടുത്തുമാറ്റി പകരം ഡെമ്മികൾ വെച്ചിരിക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. ഈ കേസിൽ അന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. ഈ ആയുധ ശേഖരം എവിടെ പോയെന്ന് സമഗ്രാന്വേഷണം നടത്തണമെന്നും എം കെ മനോജ്കുമാർ ആവശ്യപ്പെട്ടു. 


രാജ്യത്തു സംഘപരിവാർ നടത്തിയ ഭീകരമായ നിരവധി സ്‌ഫോടനങ്ങളിൽ പ്രതിയായ കേണൽ പുരോഹിത് സൈന്യത്തിൽ നിന്നുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാജ്യത്ത് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടെ വൻ ആയുധശേഖരവുമായി കശ്മീർ ഡിവൈഎസ്പി ദേവേന്ദർ സിങ് അടുത്തിടെ പിടിയിലായിരുന്നു. ഇതിന്റെ അന്വേഷണം എവിടെയെത്തിയെന്നത് പോലും അജ്ഞാതമാണ്. ആർഎസ്എസ് രാജ്യത്ത് സൈനിക സ്‌കൂൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വ സംരക്ഷണ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാൻ തോക്കുകളുമായി ആർഎസ്എസ് രംഗത്തുവന്നിരിക്കുകയാണ്. പോലീസിൽ ആർഎസ്എസ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. മിനി പമ്പയെന്നു വിശേഷിപ്പിക്കുന്ന കുറ്റിപ്പുറം പാലത്തിനു സമീപം നിരവധി വെടിക്കോപ്പുകൾ കണ്ടെത്തിയ സംഭവം ഇതിനോട് കൂട്ടിവായിക്കണം.

ഈ പശ്ചാത്തലത്തിൽ പോലിസ് സേനയിലെ ആയുധ ശേഖരത്തിൽ നടന്ന വെട്ടിപ്പ് ജനങ്ങളെ ഭയാശങ്കയിലാക്കുന്നുവെന്നും എം കെ മനോജ് കുമാർ വ്യക്തമാക്കി. പോലിസ് ആയുധ ശേഖരത്തിൽ നിന്നു 12,601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് ഇന്നലെ സിഎജി വെളിപ്പെടുത്തിയത്. നിലവിലെ ഡി.ജി.പിയും സംശയത്തിന്റെ നിഴലിലാണ്. രണ്ടു സീനിയർ ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റയെ ഡിജിപിയാക്കിയത്. പ്രധാനമന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി ഒപ്പിട്ട ആദ്യഫയൽ ഇതായിരുന്നു. പിന്നീട് ഡിജിപിയുടെ പ്രവർത്തനങ്ങളിൽ നിസ്സഹായനായി നോക്കി നിൽക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎമ്മും ഇടതുമുന്നണിയും എതിർത്തിട്ടും സംസ്ഥാനത്ത് വ്യാപകമായി യുഎപിഎ ഉൾപ്പെടെയുള്ള ഭീകര നിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ വൻ അഴിമതി നടത്തിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റി നിർത്തി അന്വേഷിക്കണം.  


പോലിസ് ക്വാർട്ടേഴ്‌സ് നിർമിക്കുന്നതിനുള്ള തുകയിൽ 3 കോടി രൂപ വകമാറ്റി ഡിജിപി ലോക്‌നാഥ് ബെഹ്‌റ എസ്പിമാർക്കും എഡിജിപിമാർക്കും വില്ലകൾ നിർമിച്ചുവെന്നും സിഎജി റിപോർട്ട് വ്യക്തമാക്കുന്നു. മാവോവാദികളെന്ന പേരിൽ നിരവധി പേരെ വെടിവെച്ചു കൊല്ലുമ്പോഴും മവോവാദി മേഖലയിൽ തണ്ടർബോൾട്ട് സേനാംഗങ്ങൾക്ക് ക്വാർട്ടേഴ്‌സ് പണിയാൻ നൽകിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ആയുധ വെട്ടിപ്പ് സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഒപ്പം സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും മനോജ്കുമാർ വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി മൊയ്തീൻ കുഞ്ഞ്, ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 

Latest News