തൃശൂർ - വെടിക്കെട്ടുകൾ ഇല്ലാതെ മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ പൂരങ്ങളും ഉത്സവങ്ങളും. പേരുകേട്ട വെടിക്കെട്ടുകൾ എല്ലാം തന്നെ നിയമങ്ങളും നിയന്ത്രണങ്ങളും കടുകട്ടിയാക്കിയോടെ ഇല്ലാതായിരിക്കുകയാണ്. വെടിക്കെട്ടു കമ്പക്കാരെ മാത്രമല്ല പൂരത്തിനും ഉത്സവത്തിനുമൊക്കെയെത്തുന്ന കച്ചവടക്കാരെയും ഇത് നിരാശയിലാക്കിയിരിക്കുകയാണ്.
വെടിക്കെട്ട് കാണാൻ മാത്രമായി എത്തുന്ന നിരവധി പേരാണ് തൃശൂരിലും പരിസരത്തുമുള്ളത്. മധ്യകേരളത്തിലെ ഗംഭീര വെടിക്കെട്ടുകളായ ഊത്രാളിക്കാവിലും കുറ്റിയങ്കാവിലും ഇത്തവണ വെടിക്കെട്ടിന് അനുമതി നൽകിയില്ല.
ഇവിടേക്ക് വെടിക്കെട്ട് കാണാൻ ജനസഹസ്രങ്ങളാണ് എത്താറുള്ളത്. വെടിക്കെട്ടില്ലെന്നറിഞ്ഞതോടെ ഇവരൊന്നും ഇവിടേക്ക് എത്തുന്നില്ല. പൂരത്തിനും ഉത്സവത്തിനുമൊക്കെയുള്ള ചെറുതും വലുതുമായ കച്ചവടക്കാരെ ഈ തിരക്കില്ലായ്മ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തൃശൂർ പൂരം വെടിക്കെട്ട് ഇപ്പോൾ വളരെയധികം ശബ്ദതീവ്രത കുറച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് പൂരം വെടിക്കെട്ട് കാണാനെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. പണ്ട് സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റി നിർത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ഏതാനും വർഷങ്ങളായി റൗണ്ടിലേക്ക് ആളുകളെ കടത്താറില്ല. ഇതുമൂലം വൻ തിരക്ക് മറ്റു റോഡുകളിൽ അനുഭവപ്പെടുന്നത് പതിവായിട്ടുണ്ട്.
നിയന്ത്രണങ്ങളും നിയമങ്ങളും കർശനമാക്കിയതോടെ തൃശൂർ, പാലക്കാട് ജില്ലകളിലെ പേരും പെരുമയുമുള്ള പല വെടിക്കെട്ടുകളും ഇല്ലാതായിരിക്കുകയാണ്.
നിയമത്തിനകത്ത് നിന്ന് എങ്ങനെ വെടിക്കെട്ട് നടത്താമെന്നല്ല എങ്ങിനെ നടത്തിക്കാതിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ നോക്കുന്നതെന്ന് വെടിക്കെട്ട് കമ്പക്കാർ ആരോപിക്കുന്നു. മധ്യകേരളത്തിലെ പേരുകേട്ട ഉത്സവപൂരങ്ങളുടെ വെടിക്കെട്ടിന് എത്തിയിരുന്നവർ ഇപ്പോൾ വെടിക്കെട്ടില്ലെന്നറിഞ്ഞ് നിരാശയോടെ പൂരവും ഉത്സവവും കാണാൻ വരുന്നില്ലെന്നാണ് പറയുന്നത്.
ഉത്സവപ്പറമ്പിലും പൂരപ്പറമ്പിലും എഴുന്നളളിപ്പിനും മറ്റും വരുന്നതിനേക്കാൾ ആൾക്കൂട്ടമെത്തുക വെടിക്കെട്ട് കാണാനാണെന്നും ആ തിരക്കിലാണ് കച്ചവടം പൊടിപൊടിക്കാറുള്ളതെന്നും ഇപ്പോൾ വെടിക്കെട്ടില്ലാത്ത പൂരവും ഉത്സവവും കാണാൻ ആൾത്തിരക്ക് കുറവാണെന്നും പൂരപ്പറമ്പിലെ കച്ചവടക്കാർ പറയുന്നു.
കാരണങ്ങൾ പലതും നിരത്തിയാണ് വെടിക്കെട്ടുകൾക്ക് അധികൃതർ അനുമതി നിഷേധിക്കുന്നത്. വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെടുന്നവർ അധികൃതർ അനുമതി നിഷേധിക്കുന്നതിനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും വെടിക്കെട്ടു കമ്പക്കാരും ഉത്സവ-പൂരപ്പറമ്പുകളിലെ കച്ചവടക്കാരും സാധാരണക്കാരും വെടിക്കെട്ടില്ലാത്ത ഉത്സവങ്ങളും പൂരങ്ങളും വ്യാപകമാകുന്നതിൽ നിരാശരാണ്.