കണ്ണൂർ- വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ ലോങ് മാർച്ച് സമാപിച്ചു. ഫെബ്രുവരി 25, 26 തീയതികളിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ഒക്യുപൈ രാജ്ഭവൻ സമരത്തിന് മുന്നോടിയായി ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ലോങ് മാർച്ചുകളുടെ ഭാഗമായാണ് കണ്ണൂർ വളപട്ടണത്തു നിന്ന് സ്‌റ്റേഡിയം കോർണറിലേക്ക് ലോങ് മാർച്ച് നടത്തിയത്.
സമാപന പൊതുസമ്മേളനം പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ ബ്രിട്ടീഷുകാരെ തൂത്തെറിഞ്ഞ ഒരു ജനതയുടെ പിൻതലമുറ ഫാസിസ്റ്റ് ഭരണകൂടത്തേയും തൂത്തെറിയുന്ന ഘട്ടത്തിലേക്ക് ഈ പൗരത്വ പ്രക്ഷോഭം വളരുമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ ജനങ്ങളും നേതൃത്വം കൊടുക്കുന്ന ഈ ജനകീയ സമരത്തിൽ വർഗീയത ആരോപിച്ച പ്രധാനമന്ത്രിക്ക് ദൽഹി ജനത കൃത്യമായി മറുപടി തെരഞ്ഞെടുപ്പിലൂടെ നൽകിക്കഴിഞ്ഞു. കേരളത്തിലും അതു തന്നെ ആവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ, ജനറൽ സെക്രട്ടറി ബർണബാസ് ഫെർണാണ്ടസ്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രൻ തില്ലങ്കേരി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എൻ.എ. ഖാദർ, സാമൂഹിക പ്രവർത്തകൻ അഡ്വ. കസ്തുരി ദേവൻ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് കുഞ്ഞി, വിമൻ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷാഹിന ലത്തീഫ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജവാദ് അമീർ, ഫൈസൽ മാടായി എന്നിവർ പ്രസംഗിച്ചു. വളപട്ടണത്തു നിന്ന് ആരംഭിച്ച മാർച്ച് കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ സമാപിച്ച മാർച്ചിന് എൻ.എം. ഷഫീഖ്, മധു കക്കാട്, മുഹമ്മദ് ഇംതിയാസ്, വിജയൻ ചെങ്ങറ, സി.പി. രഹ്‌ന ടീച്ചർ, ത്രേസ്യാമ്മ മാളിയേക്കൽ, സാജിദ സജീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.