Sorry, you need to enable JavaScript to visit this website.

ഹജ്; കരിപ്പൂരിൽ നിന്ന് സൗദിയ,  നെടുമ്പാശ്ശേരിയിൽ നിന്ന് ഫ്‌ളൈനാസ്

 

  •  ആദ്യ ഇന്ത്യൻ സംഘം ജൂൺ 22 ന്, 
  • കേരളത്തിൽ നിന്ന് ഹജ് കമ്മിറ്റി മുഖേന 10,834 പേർ

കൊണ്ടോട്ടി- ഇന്ത്യയിൽ നിന്നുള്ള ഈവർഷത്തെ ഹജ് സർവീസുകൾ നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കേരളത്തിൽനിന്ന് കരിപ്പൂർ ഉൾപ്പടെ ഏഴ് എംപാർക്കേഷൻ പോയന്റുകളിൽനിന്ന് സൗദി എയർലെൻസും, നെടുമ്പാശ്ശേരി ഉൾപ്പടെ ഏഴെണ്ണത്തിൽനിന്ന് ഫ്‌ളൈ നാസും
ശേഷിക്കുന്ന എട്ട് എംപാർക്കേഷൻ പോയിന്റിൽ നിന്ന് എയർ ഇന്ത്യയും സർവീസ് നടത്തും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഈ മൂന്ന് വിമാന കമ്പനികൾ മാത്രമാണ് ഹജ് ടെൻഡറിൽ സംബന്ധിച്ചത്. കേരളം ഉൾപ്പടെ 22 എംപാർക്കേഷൻ പോയന്റുകളിലാണ് ഹജ് സർവീസുകൾ നടത്തേണ്ടത്. ഓരോ എംപാർക്കേഷൻ പോയന്റുകളിൽനിന്നും കുറഞ്ഞ നിരക്ക് ടെൻഡർ നൽകിയവർക്കാണ് ഹജ് സർവീസ് നടത്താൻ അനുമതി ലഭിച്ചത്.


കരിപ്പൂരിന് പുറമെ മുംബൈ, ബംഗളൂരു, ഡൽഹി, അഹമ്മദാബാദ്, നാഗ്പൂർ, ലക്‌നൗ എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്താനാണ് സൗദി എയർലെൻസിന് അനുമതി ലഭിച്ചത്. നെടുമ്പാശ്ശേരിക്ക് പുറമെ ഔറംഗാബാദ്, ഭോപ്പാൽ, ഗുഹാഅത്തി, റാഞ്ചി, വാരാണസി, ജയ്പൂർ എന്നീ ഏഴിടങ്ങളിൽനിന്ന് ഫ്‌ളൈ നാസും ഹാജിമാരെ കൊണ്ടു വരും. കേരളത്തിൽനിന്ന് 10,834 പേർക്കാണ് ഹജിന് അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കരിപ്പൂരിൽനിന്ന് സൗദി എയർലെൻസും, നെടുമ്പാശ്ശേരിയിൽ നിന്ന് എയർ ഇന്ത്യയുമാണ് സർവീസ് നടത്തിയിരുന്നത്.


 എയർ ഇന്ത്യക്ക് ഇത്തവണ എട്ട് എംപാർക്കേഷൻ പോയന്റുകളാണ് സർവീസിന് അനുമതി ലഭിച്ചത്. ഗയ, ഹൈദരാബാദ്, വിജയവാഡ, മാഗ്ലൂർ, ഗോവ, ചെന്നൈ, കൊൽക്കത്ത, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നാണ് എയർ ഇന്ത്യയുടെ ഹജ് സർവീസുകൾ. ഹജ് ടെൻഡർ ജനുവരി 27 നും പിന്നീട് ഈ മാസം മൂന്നിനും നടത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലും എയർഇന്ത്യയുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ പത്താം തിയതിയിലേക്ക് മാറ്റുകയായിരുന്നു. ഈവർഷം ഇന്ത്യയിൽ നിന്ന് 1,25,025 പേരാണ് ഹജിന് വരുന്നത്. ഹജ് സർവീസുകളിൽ ഇന്ത്യയിൽനിന്നുള്ള ഹജ് സർവീസുകൾ ജൂൺ 22 മുതലാണ് ആരംഭിക്കുന്നത്.
   


 

Latest News