അബഹ- ബംഗാളി യുവാവിന്റെ വിവാഹം കെങ്കേമമായി നടത്തി സഹപ്രവർത്തകരായ സൗദികൾ സാഹോദര്യ സ്‌നേഹത്തിന്റെ പുതിയ മാതൃക തീർത്തു. അസീർ സെൻട്രൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ബംഗാളി യുവാവ് മുഹമ്മദ് യാസീന്റെ വിവാഹമാണ് സഹപ്രവർത്തകരായ സൗദികൾ ദക്ഷിണ സൗദി നിവാസികളുടെ പരമ്പരാഗത ശൈലിയിൽ നടത്തിയത്. ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന ബംഗാളി യുവതിയെയാണ് മുഹമ്മദ് യാസീൻ ജീവിതസഖിയാക്കിയത്.
വിവാഹത്തിന്റെ എല്ലാ ചെലവുകളും വഹിച്ച ആശുപത്രിയിലെ സ്വദേശി ജീവനക്കാർ ഇരുവർക്കും തങ്ങളുടെ ചെലവിൽ താമസസ്ഥലം ഏർപ്പാടാക്കി നൽകുകയും ചെയ്തു. പരമ്പരാഗത സൗദി വേഷം ധരിച്ചാണ് മണവാളൻ വിവാഹാഘോഷത്തിൽ പങ്കെടുത്തത്. പരമ്പരാഗത നൃത്ത രൂപമായ അർദ അവതരണം ചടങ്ങിന് കൊഴുപ്പേകി. അസീർ സെൻട്രൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന പോലീസുകാരും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും വിവാഹത്തിൽ പങ്കെടുക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. വരന്റെ ഏതാനും ബന്ധുക്കളും ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരും പങ്കെടുത്ത വിവാഹ ചടങ്ങിൽ വെച്ച് മണവാളന് ഉപഹാരങ്ങളും സമ്മാനിച്ചു.