കൽപറ്റ- ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിൽ അഡ്വഞ്ചർ പാർക്ക് നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഈ മാസം മൂന്നാം വാരം നടത്താനാണ് ജലവിഭവ വകുപ്പിന്റെ പദ്ധതി.
ജില്ലയിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് കാരാപ്പുഴ. ഇവിടം കൂടുതൽ സന്ദർശകസൗഹൃദമാക്കുന്നതിനു വിഭാവനം ചെയ്തതാണ് അഡ്വഞ്ചർ പാർക്ക്. സിപ്‌ലൈൻ, ഹ്യൂമൻ സ്ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിൻ, ട്രംപോളിൻ പാർക്ക്, ഹ്യൂമൻ ഗെയ്‌റോ എന്നിവയാണ് പാർക്കിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഒരേസമയം രണ്ടുപേർക്കു സഞ്ചരിക്കാവുന്നതാണ് സിപ്‌ലൈൻ. 605 മീറ്ററാണ് നീളം. ദക്ഷിണേന്ത്യയിലെ എറ്റവും കൂടുതൽ നീളമുള്ള സിപ് ലൈനാണ് കാരാപ്പുഴയിലേത്. ഒരു മിനിറ്റാണ് സഞ്ചാരസമയം.
കുട്ടികളുടെ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകി തയാറാക്കിയതാണ് ട്രംപോളിൻ പാർക്ക്. കേരളത്തിൽ ആദ്യമായാണ് കാരാപ്പുഴയിൽ ഹ്യൂമൻ ഗെയ്‌റോ സംവിധാനം. ഹ്യൂമൻ സ്ലിംഗ്‌ഷോട്ട്, ബഞ്ചി ട്രംപോളിൻ സംവിധാനങ്ങളും ജില്ലയിൽ നടാടെയാണ്.
ഏകദേശം രണ്ടു കോടി രൂപ ചെലവിലാണ് അഡ്വഞ്ചർ പാർക്ക് സജ്ജീകരിച്ചത്. നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷനാണ്(എൻ.എ.എഫ്)മൂന്നു വർഷം പാർക്കിന്റെ നടത്തിപ്പവകാശം. കാരാപ്പുഴ എയ്‌റോ അഡ്വഞ്ചർ എൻ.എ.എഫുമായി സഹകരിക്കും.
2017 മെയ് അഞ്ചിനാണ് കാരാപ്പുഴ ടൂറിസം കേന്ദ്രം ഔദ്യോഗികമായി സഞ്ചാരികൾക്ക് തുറന്നുകൊടുത്തത്. കേന്ദ്ര സർക്കാർ അനുവദിച്ച രണ്ടു കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 5.21 കോടി രൂപയും വിനിയോഗിച്ചു കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷനാണ് ടൂറിസം കേന്ദ്രത്തിൽ ഒന്നും രണ്ടും ഘട്ട പ്രവൃത്തികൾ നടത്തിയത്. ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി രൂപ വിനിയോഗിച്ചായിരുന്നു മൂന്നാംഘട്ട പ്രവൃത്തി നിർവഹണം. വാച്ച് ടവറുകൾ, ലോട്ടസ് പോണ്ട്, ഫിഷിംഗ് ഡക്ക്, നടപ്പാതകൾ, ജനറൽ ലാൻഡ് സ്‌കേപ്പിംഗ്, കുടിലുകൾ, പാർക്കിംഗ് ഏരിയ എന്നിവ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ പ്രവൃത്തികളാണ്.
ദിവസവും നൂറു കണക്കിനു സഞ്ചാരികളാണ് കാരാപ്പുഴയിൽ എത്തുന്നത്. രാവില ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയാണ് ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കു പ്രവേശനം. മുതിർന്നവർക്ക് മുപ്പതും 12 വയസിനു താഴെയുള്ളവർക്ക് പത്തും രൂപയാണ് ടിക്കറ്റ് നിരക്ക്. അഡ്വഞ്ചർ പാർക്കിലെ സൗകര്യങ്ങൾ ആസ്വദിക്കുന്നതിനു പ്രത്യേകം ഫീസ് നൽകണം. ദേശീയപാത 766ലെ കാക്കവയലിൽനിന്നു ഏഴു കിലോമീറ്റർ മാത്രം അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. വിവിധോദ്ദേശ്യ പദ്ധതിയാണ് കാരാപ്പുഴ. ജലസേചനത്തിനാണ് വിഭാവനം ചെയ്തത്. കുടിവെള്ള വിതരണത്തിനും അണയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്.