Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങൾ വർധിച്ചു

തിരുവനന്തപുരം- സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വെള്ളറടയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാ പകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവവും ചൂണ്ടിക്കാട്ടി ഷാനിമോൾ ഉസ്മാൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വ്യാപകമാകുന്നുവെ ന്ന് അടിയന്തര പ്രമേയമവതരിപ്പിച്ച് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. അക്രമങ്ങൾ വ്യാപിക്കാൻ കാരണം പൊലീസിന്റെ അനാസ്ഥയാണ്. 


സംസ്ഥാന വനിതാ കമ്മീഷനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് നോട്ടീസിൽ ആരോപിച്ചത്. പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ വനിതാ കമ്മീഷൻ എടുക്കാറില്ല. 
കമ്മീഷൻ അ ധ്യക്ഷ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതെന്തിന്? പോക്‌സോ കേസുകളിൽ കേരളം ഒന്നാമതാണ്. ഗാർഹിക പീഡനത്തിന് 3 മാസത്തിനുള്ളിൽ 300 കേസുക ൾ രജിസ്റ്റർ ചെയ്‌തെന്നും ഷാനിമോൾ ചൂണ്ടിക്കാട്ടി. ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം പോകുന്ന രീതി ആയതിനാലാണ് കേസ് കൂടുന്നത്. വാളയാർ കേസിൽ എന്ത് കൊണ്ട് മന്ത്രിമാർ ഉൾപ്പടെയുള്ളവർ മൗനം പാലിക്കുന്നുവെന്നും ഷാനിമോൾ ചോദിച്ചു. 


സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും എന്നാൽ ഇത് ബോധവത്ക്കരണത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി പലരും പരാതി നൽകാൻ തയ്യാറാകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട് പൊലീസ് സ്‌റ്റേഷനുകൾ ആരംഭിച്ചു. മയക്കുമരുന്ന് ഉപയോഗം നിയ ന്ത്രിക്കാൻ പെൺകുട്ടികൾക്ക് ബോധവത്ക്കരണം നൽകുന്നുണ്ട്. 
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വനിതാ ഉദ്യോഗസ്ഥർ അടങ്ങിയ പ്ര ത്യേക സംഘമാകും ഇനി മുതൽ അന്വേഷിക്കുക. റേഞ്ച് ഐ.ജിക്കാവും മൊത്തം ചുമതല. പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയർത്തും. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്‌റ്റേഷനുകൾ തുടങ്ങുമെന്നും മുഖ്യമ ന്ത്രി പറഞ്ഞു. അതേ സമയം വനിതാ കമ്മീഷനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം കുശുമ്പ് കൊണ്ടാണെന്ന പരിഹാസവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. 


മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ സ്ത്രീ സുരക്ഷക്ക് പര്യാപ്തമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് കേസുകളുടെ വർദ്ധനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വാളയാർ കേസ് എന്തുകൊണ്ട് സി.ബി.ഐക്ക് വിടുന്നില്ലെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. വാളയാർ പെൺകുട്ടി കളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ സി.ബി.ഐ അന്വേഷണം നടത്താൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

 

Latest News