കൽപറ്റ- പൗരന്മാർക്കിടയിൽ വിഭജനമുണ്ടാക്കുംവിധം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു രൂപപ്പെട്ടത് മാനവികതയുടെ പാഠങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത വയനാട് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആസാദി കോൺഫറൻസിന്റെ ഉദ്ഘാടനവും പ്രളയബാധിത കുടുംബങ്ങൾക്കായി സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടം മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കാൻ ബില്ലുകളും നിയമങ്ങളും നിർമിക്കുമ്പോൾ ഇന്ത്യൻ ജനത മനുഷ്യന്റെ ആധികൾക്കും വേദനകൾക്കും പരിഹാരം തേടുന്നതാണ് രാജ്യത്തെവിടെയും കാണുന്നത്. ജനിച്ച മണ്ണിൽ നിന്നു ആരെയുംആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ട. പതിറ്റാണ്ടുകൾ മുൻപ് ലോകത്തെ മറ്റു രാജ്യങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തി ഇന്ത്യയിൽ നിർമിച്ച ഭരണഘടനയാണ് പൗരന്റെ അസ്തിത്വം പ്രകടമാക്കുന്നത്. അതുകൊണ്ടുതന്നെ ഭരണഘടന കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് ഭരണകർത്താക്കളുടെയും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ഇന്നു ചിലർ ഭരണഘടനയെ വക്രീകരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്.
2018ലും 2019ലും പ്രകൃതിദുരന്തത്തിൽ ഏറെ നഷ്ടമുണ്ടായ ജില്ലയിൽ 100 ഭവനങ്ങൾ പ്രഖ്യാപിക്കുകയും കുറഞ്ഞകാലത്തിനകം 25 വീടുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്ത സമസ്ത ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി മാത്യകയാണെന്നും തങ്ങൾ പറഞ്ഞു.
കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റി ചെയർമാൻ പിണങ്ങോട് അബൂബക്കർ അധ്യക്ഷത വഹിച്ചു. അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് അഹ്മദ് ജിഫ്‌രി ചേളാരി പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്ലിയാർ, കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്ലിയാർ, സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം, എം.എം.ഇമ്പിച്ചിക്കോയ മുസ്ലിയാർ, എം.ഹസൻ മുസ്ലിയാർ, ഇബ്രാഹിം ഫൈസി വാളാട്, കെ.കെ. അഹമ്മദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
കോ ഓർഡിനേഷൻ ജില്ലാ സെക്രട്ടറി പി.സി.ഇബ്രാഹിം ഹാജി സ്വാഗതവും ഇബ്രാഹിം ഫൈസി പേരാൽ നന്ദിയും പറഞ്ഞു.