ദുബായ് - അപാര്‍ട്‌മെന്റിന് തീപ്പിടിച്ച് ആശുപത്രിയിലായ മലയാളി യുവാവിന്റെ നില ഗുരുതരം. ചെങ്ങന്നൂര്‍ സ്വദേശിയായ അനില്‍ നൈനാനാണ് (32) തീപ്പിടിത്തത്തില്‍നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ 90 ശതമാനം പൊള്ളലേറ്റത്. അബുദാബിയിലെ മാഫ്‌റക് ആശുപത്രിയില്‍ കഴിയുന്ന അനില്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് അടുത്ത ബന്ധു പറഞ്ഞു.
'അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഭാര്യ നീനുവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്. അവര്‍ക്ക് കുഴപ്പമില്ല. 10 ശതമാനം പൊള്ളലേയുള്ളൂ, സുഖം പ്രാപിക്കുന്നു- ബന്ധു പറഞ്ഞു. ദമ്പതികള്‍ക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ബോക്‌സില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ദമ്പതികളെ ഗുരുതരമായ പരിചരണത്തിനായി ചൊവ്വാഴ്ച അബുദാബിയിലെ മാഫ്‌റക് ആശുപത്രിയിലേക്ക് മാറ്റി.
'ഞങ്ങള്‍ക്ക് കൃത്യമായ വിശദാംശങ്ങള്‍ അറിയില്ല. പക്ഷേ, ഇടനാഴിയിലായിരിക്കുമ്പോഴാണ് നീനു തീപ്പിടിത്തത്തില്‍പെട്ടത്. കിടപ്പുമുറിയിലുണ്ടായിരുന്ന അനില്‍ ഭാര്യയുടെ അടുത്തേക്ക് ഓടി, തീ പടര്‍ന്നപ്പോള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. റാസല്‍ ഖൈമയിലെ സെന്റ് തോമസ് മാര്‍ത്തോമ പള്ളി വികാരി റവ. സോജന്‍ തോമസ് പറഞ്ഞു.