തിരുവനന്തപുരം- സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടർന്ന് കാർഷിക കടങ്ങൾക്ക് 2019 ഡിസംബർ 31 വരെയുണ്ടായിരുന്ന മൊറട്ടോറിയം 2020 മാർച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി. കാർഷിക വായ്പയുടെ പലിശനിരക്ക്, വായ്പയുടെ സ്വഭാവം, കാലാവധി എന്നിവയ്ക്കനുസരിച്ചാണ് നിജപ്പെടുത്തിയിരിക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് നിലവിൽ രണ്ടു ശതമാനം പലിശ സബ്‌വെൻഷനും വായ് പാ തുക പലിശ സഹിതം കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് മൂന്നു ശതമാനം പലിശയിളവും നൽകുന്നു. ഇതിൻപ്രകാരം നാലു ശതമാനം മാത്രമാണ് ഹ്രസ്വകാല വായ്പയായി നൽകേണ്ടത്. കേരളാ കർഷക കടാശ്വാസ കമ്മീഷൻ മുഖാന്തിരം അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയിൽനിന്നും രണ്ടു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലഘട്ടത്തിലെ കാർഷിക കടങ്ങളിലെ പലിശയ്‌ക്കോ അധിക പലിശയ്‌ക്കോ ഇളവു നൽകുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും കെ.സി ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി.
സംസ്ഥാനത്ത് ഇ-പോസ് മെഷീനുകൾ ഏർപ്പെടുത്തിയതിന് ശേഷം 2019 ഡിസംബർ വരെ പ്രതിമാസ ശരാശരി 4,955 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ അധികമായി റേഷൻകടകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ സഭയെ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമാകുന്ന വിലയുടെ അടിസ്ഥാനത്തിൽ 1.4 കോടിയും സംസ്ഥാനത്തിന്റെ വിലയനുസരിച്ച് 76 ലക്ഷം രൂപയും കമ്പോള വിലയുടെ അടിസ്ഥാനത്തിൽ 18.95 കോടി രൂപയും കണക്കാക്കുന്നു. എം. രാജഗോപാലിന്റെ ചോദ്യത്തിനാണ് മറുപടി. സംസ്ഥാനത്ത് തുടർച്ചയായി മൂന്നു മാസം റേഷൻ വാങ്ങാത്ത 39,068 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും സി.കെ ആശ, മുല്ലയ്ക്കൽ രത്‌നാകരൻ, ചിറ്റയം ഗോപകുമാർ, ജി.എസ് ജയലാൽ എന്നിവരോട് മറുപടി പറഞ്ഞു.