തിരുവനന്തപുരം- ദൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം രാജ്യത്തെ ജനതയെ ധ്രുവീകരിച്ച് നേട്ടം കൊയ്യാനായി ആസൂത്രണം ചെയ്ത ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനുള്ള പ്രഹരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
പൗരത്വ പ്രക്ഷോഭത്തെ ചോരയിൽ മുക്കി കൊല്ലാനും സമരക്കാരെ പൈശാചികവൽകരിച്ച് ഭൂരിപക്ഷ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള ശ്രമമാണ് ദൽഹി ജനത പരാജയപ്പെടുത്തിയത്. ബദൽ രാഷ്ട്രീയമുയർത്തിയല്ല ആം ആദ്മി മത്സരിച്ചതെങ്കിലും കെജ്‌രിവാൾ സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനം സ്വീകരിക്കുകയായിരുന്നു.
നികൃഷ്ടമായ വംശീയ രാഷ്ട്രീയത്തെ പരാജപ്പെടുത്താൻ കിട്ടിയ അവസരം പ്രയോനജനപ്പെടുത്തിയ ദൽഹിയിലെ വോട്ടർമാരെ അഭിനന്ദിക്കുന്നു. ഭരണഘടനയെ അട്ടിമറിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാൻ കോപ്പുകൂട്ടുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ ജനങ്ങൾ ജാഗ്രത പാലിച്ചാൽ പരാജയപ്പെടുത്താനാവുമെന്നാണ് ദൽഹി ഫലം നൽകുന്ന പാഠം. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് അണിനിരക്കണം. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന മുൻനിർത്തി ബി.ജെ.പിക്കെതിരെ വിശാല മതനിരപേക്ഷ ചേരി കെട്ടിപ്പടുക്കാൻ ഇനിയെങ്കിലും സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.