തിരുവനന്തപുരം- ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരായ വിധിയെഴുത്താണ് ദൽഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോൽവിയിൽനിന്ന് കോൺഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു.
രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ദൽഹി ഫലം. ബി.ജെ.പിക്ക് ബദലായി ഒരു ശക്തിയുണ്ടെങ്കിൽ ജനങ്ങൾ അത് നല്ല നിലയിൽ അംഗീകരിക്കും എന്നതിന് തെളിവാണിത്. മതനിരപേക്ഷ- ജനാധിപത്യ വിശ്വാസികൾക്ക് ആവേശം നൽകുന്നതാണ് ഈ ഫലം.
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിന് ജനാധിപത്യ- മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിനു ഈ ഫലം കരുത്തു പകരും. ഇതിൽനിന്ന് കോൺഗ്രസും പാഠം പഠിക്കേണ്ടതുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ ദൽഹിയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധയോടെയാണ് പ്രവർത്തിച്ചത്. അതിനു ലഭിച്ച അംഗീകാരമാണ് ഈ വിജയം.
അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. യോജിച്ചു മത്സരിച്ചിരുന്നുവെങ്കിൽ ബി.ജെ.പിക്ക് ഇതിലും കനത്ത തിരിച്ചടി ലഭിക്കുമായിരുന്നു. ബി.ജെ.പിയുടെ തീവ്ര വർഗീയ നിലപാടുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ തിളങ്ങുന്ന വിജയം നേടിയ കെജ്‌രിവാളിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.