കണ്ണൂർ - കേരള സംസ്ഥാന ലോട്ടറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സ്ഥാനക്കാരനെ തിരിച്ചറിഞ്ഞു. പേരാവൂരിനടുത്ത മാലൂർ ഗ്രാമപഞ്ചായത്തിലെ തോലമ്പ്ര പുരളി മല കൈതച്ചാൽ കോളനിയിലെ പൊരുന്നൻ രാജനാണ് 12 കോടിയുടെ ബമ്പർ ലഭിച്ചത്. എസ്. ടി 269609 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. പയ്യൻ ലോട്ടറി ഏജൻസിയുടെ തലശേരി റോഡിലുള്ള ചില്ലറ വിൽപനശാലയിൽ നിന്നാണ് രാജൻ ടിക്കറ്റ് എടുത്തത്. കൂലിപ്പണിയെടുത്തു ജീവിച്ചു വരികയായിരുന്നു. ഏജന്റ് അറിയിച്ചതിനെ തുടർന്നാണ് ഒന്നാം സമ്മാനം ലഭിച്ചതായി അറിഞ്ഞത്. സമ്മാനർഹമായ ടിക്കറ്റ് മാലൂർ സർവീസ് സഹകരണ ബാങ്ക് തോലാമ്പ്ര ശാഖയിൽ കൈമാറി. രജനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രഗിൽ, ആതിര, അക്ഷര എന്നിവർ മക്കളാണ്.