Sorry, you need to enable JavaScript to visit this website.

ദുരന്തത്തിലേക്ക് തുറക്കുന്ന  വാതിലുകൾ

വീട് വിട്ടാൽ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ കൂടിയാണ് വിദ്യാലയങ്ങൾ. വിദ്യാർഥികൾ അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവിടുന്നത് വിദ്യാലയങ്ങളിലാണ്. അവിടെ അവർക്ക് പഠനം മാത്രമല്ല ലഭിക്കേണ്ടത്. കുട്ടികൾക്കായി കരുതലും സംരക്ഷണവും അവിടെ ഉണ്ടാകേണ്ടതുണ്ട്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിക്കടുത്ത് കുറവയിൽ ഒരു പിഞ്ചുകുഞ്ഞ് സ്‌കൂൾ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് മരിച്ചപ്പോൾ നഷ്ടപ്പെട്ടത് ആ കരുതലും സംരക്ഷണവുമാണ്.


കുറുവ എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഒമ്പതുകാരൻ കഴിഞ്ഞ ദിവസം മരിച്ചത് ദാരുണമായാണ്. രാവിലെ സ്‌കൂളിലേക്കുള്ള യാത്രക്കിടയിൽ സ്‌കൂൾ ബസിന്റെ വാതിൽ തുറന്നതിനെ തുടർന്ന് കുട്ടി പുറത്തേക്ക് തെറിക്കുകയും അതേ ബസിന്റെ പിൻചക്രം ദേഹത്ത് കയറി മരിക്കുകയുമായിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപികയുടെ മകനായിരുന്നു മരിച്ച ഫർസീൻ. മാതാവ് പ്രസവാവധിയിലായിരുന്നതിനാൽ കുട്ടി തനിച്ചാണ് സ്‌കൂളിലേക്ക് പോയിരുന്നത്. സാധാരണയായി മാതാവിൽ നിന്ന് കിട്ടിയിരുന്ന കരുതൽ ആ യാത്രയിൽ ആ കുരുന്നിന് കിട്ടിയില്ല.
മരണത്തിനുള്ള കാരണങ്ങൾ തേടുന്നത് നഷ്ടപ്പെട്ട ജീവനെ കുറിച്ചുള്ള ദുഃഖങ്ങൾ കുറക്കുന്നില്ല. എങ്കിലും ഒരോ മരണത്തിന് പിന്നിലും എന്തെങ്കിലുമൊരു കാരണമുണ്ടാകാം. ഇവിടെ, അപകടത്തിന് കാരണമായത് സ്‌കൂൾ ബസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ്. കുട്ടികളെ ബസിൽ കയറ്റാനും ഇറക്കാനും യാത്രക്കിടെ അവരെ സംരക്ഷിക്കാനും ഒരു ക്ലിനറോ ആയയോ ഈ ബസിൽ ഉണ്ടായിരുന്നില്ലെന്നത് സ്‌കൂൾ അധികൃതർ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ എത്രമാത്രം അലംഭാവമാണ് കാണിച്ചതെന്നതിന് തെളിവാണ്. 


നിറയെ കുട്ടികളുണ്ടായിരുന്ന ആ ബസിൽ ഒരു ഡ്രൈവർ മാത്രമാണ് ജീവനക്കാരനായി ഉണ്ടായിരുന്നത്. റോഡിലെ വളവുകൾ തിരിയുമ്പോഴോ പെട്ടെന്ന് ബസ് ബ്രേക്കുടുമ്പോഴോ കുട്ടികൾ വീഴാതെ നോക്കാൻ പോലും അവിടെ രണ്ടാമതൊരു ജീവനക്കാരൻ ഉണ്ടായിരുന്നില്ല. സ്‌കൂൾ ബസുകളിൽ രണ്ട് വാതിലുകളിലും ജീവനക്കാർ നിർബന്ധമാണ്. എന്നാൽ ഇവിടെ ഒരു വാതിലിലും ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ല. മരിച്ച വിദ്യാർഥിയുടെ ബാഗിന്റെ വള്ളി വാതിലിന്റെ താഴിൽ തടഞ്ഞാണ് വാതിൽ തുറന്നതെന്നാണ് കണ്ടെത്തൽ. ആ വാതിലിൽ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിൽ ഒഴിഞ്ഞു പോകുമായിരുന്നു ആ അപകടം.


കച്ചവടവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ അടയാളങ്ങളാണ് സ്‌കൂൾ ബസുകൾ. കുട്ടികളെ കൊണ്ടുവരാൻ ബസുകൾ നിർബന്ധമാണെന്ന് സർക്കാർ വിദ്യാലയങ്ങൾ പോലും ചിന്തിക്കുന്ന കാലമാണിത്. കിലോമീറ്ററുകൾ നടന്ന് സ്‌കൂളിൽ പോയി പഠിച്ചിരുന്ന പഴയ കാലത്തെ കുറിച്ച് ഇന്നത്തെ തലമുറയോട് പറയുന്നതിൽ കാര്യമില്ല. സ്വകാര്യമേഖലയിൽ സ്‌കൂളുകൾ വർധിച്ചതോടെ മെച്ചപ്പെട്ട സ്‌കൂളാകാൻ വിദ്യാലയങ്ങൾക്ക് ബസുകൾ കൂടി ആവശ്യമായി വന്നിരിക്കുന്നു. പഠനത്തേക്കാൾ ബാഹ്യമായ സൗകര്യങ്ങൾക്കാണ് പ്രാധാന്യം. 
ബസ് സൗകര്യമുള്ള സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാനാണ് രക്ഷിതാക്കളും ഇഷ്ടപ്പെടുന്നത്. ഡിവിഷൻ നഷ്ടപ്പെടാതിരിക്കാൻ കുട്ടികളെ ആകർഷിക്കാൻ സർക്കാർ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും ഇന്ന് ബസുകൾ ഏർപ്പെടുത്തുന്നുണ്ട്.


സ്‌കൂൾ ബസുകളുടെ നടത്തിപ്പ് പല വിധത്തിലാണ്. ജോലി നഷ്ടപ്പെടാതിരിക്കാൻ പുതിയ അധ്യാപകർ സ്വന്തം ചെലവിൽ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ വാഹനങ്ങൾ ഏർപ്പെടുത്തുന്നു. പി.ടി.എ സ്വന്തം നിലക്ക് വാഹനങ്ങൾ വാങ്ങി സർവീസ് നടത്തുന്നു. ഏതാനും അധ്യാപകർ ചേർന്ന് പണം നൽകി ബസുകൾ വാങ്ങി കുട്ടികളെ കൊണ്ടുവരാൻ പരിശ്രമിക്കുന്നു. പുറത്തുള്ള കമ്പനികൾക്കോ വ്യക്തികൾക്കോ കുട്ടികളെ കൊണ്ടുവരാൻ വാഹന കരാർ നൽകുന്ന വിദ്യാലയങ്ങളുമുണ്ട്. സർക്കാർ വിദ്യാലയങ്ങളിൽ ജനപ്രതിനിധികൾ മുഖേന സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകളാണ് ഉപയോഗിക്കുന്നത്. ചില വിദ്യാലയങ്ങൾ കുട്ടികൾ കൊഴിഞ്ഞു പോകാതിരിക്കാനാണ് ബസ് സർവീസ് നടത്തുന്നതെങ്കിൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ഇതും ഒരു ബിസിനസാണ്. 


വാഹനം ഏർപ്പാടു ചെയ്യുന്നത് സ്‌കൂളാണെങ്കിലും അതിനുള്ള പണം നൽകുന്നത് കുട്ടികളുടെ രക്ഷിതാക്കളാണ്.
വിവിധ മാർഗത്തിൽ കുട്ടികൾക്കായി വാഹനങ്ങൾ ഏർപ്പെടുത്തുന്ന വിദ്യാലയങ്ങൾ കുട്ടികളുടെ സുരക്ഷക്കാവശ്യമായ നടപടികൾ എടുക്കുന്നില്ല. ബസുകളുടെ വേഗം, ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച് സർക്കാർ വ്യക്തമായ നിബന്ധനകൾ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. ഡ്രൈവർമാരായി മുതിർന്നവർ വേണമെന്നും വേഗത്തിൽ നിയന്ത്രണം വേണമെന്നും ചട്ടമുണ്ട്. എന്നാൽ പലപ്പോഴും ബസുകൾക്ക് സമയത്തിന് ഓടിയെത്താനാകാത്തതിനാൽ ഈ നിയന്ത്രണങ്ങൾ കടലാസിലൊതുങ്ങുന്നു. 
ഭൂരിഭാഗം വിദ്യാലയങ്ങളിലും ആവശ്യത്തിന് ബസുകളില്ല. ട്രിപ്പുകളുടെ എണ്ണം വർധിക്കാൻ ഇത് കാരണമാകുന്നു. ഒരേ വാഹനം തന്നെ രണ്ടും മൂന്നു ട്രിപ്പുകളാണ് എടുക്കുന്നത്. നിശ്ചിത സമയത്തിനകം ഓടിയെത്തേണ്ടതിനാൽ വേഗം വർധിക്കുന്നു. 


സ്‌കൂൾ ബസുകളിലെ സ്പീഡ് ഗവർണറുകൾ പ്രവർത്തനമല്ലെന്നാണ് കുറുവ അപകടത്തിന് ശേഷം മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വേഗം വർധിപ്പിക്കാനായി ഈ ഉപകരണം കേടാക്കിയിടുന്ന പ്രവണത സ്‌കൂൾ ബസുകളിലുമുണ്ട്. ചെവലു കുറക്കുന്നതിനാൽ ബസ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതും വിദ്യാലയ അധികൃതരുടെ തന്ത്രമാണ്. മൂന്നു ജീവനക്കാർ ആവശ്യമായിരിക്കേ ബസിൽ ഒന്നോ രണ്ടോ പേരെ മാത്രം നിയമിക്കുന്നു. വലിയ ബസുകളിൽ പോലും അമ്പത് യാത്രക്കാരിൽ കൂടുതൽ പാടില്ലെന്നിരിക്കേ സ്‌കൂളുകൾ മിനി ബസുകളിൽ അതിലേറെ കുട്ടികളെയാണ് കയറ്റുന്നത്. ബസുകൾക്ക് പുറമെ ഓട്ടോ റിക്ഷകൾ ഉൾംപ്പടെയുള്ള ചെറുവാഹനങ്ങളിലും കുട്ടികളെ കുത്തി നിറച്ചാണ് സ്‌കൂളിലേക്കുള്ള യാത്ര.
കുട്ടികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതോടൊപ്പം കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തവും വിദ്യാലയ അധികാരികൾക്കുണ്ട്. ഓരോ യാത്രയും അപകടം നിറഞ്ഞതാണെന്ന ബോധത്തോടെ കുട്ടികൾക്കായി കൂടുതൽ കരുതലുകൾ ഉണ്ടാകേണ്ടതുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരേണ്ടതല്ല ഉത്തരവാദിത്തം.
 രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തുന്നുവെന്നത് ഉറപ്പു വരുത്തുന്നത് കൂടി ഓരോ വിദ്യാലയ അധികാരിയുടെയും കടമയാണ്. 

Latest News