ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് ക്ഷേമപെൻഷനുകൾ 100 രൂപ കൂട്ടി 1300 ആക്കിയതാണ്. വൻ നേട്ടമെന്ന രീതിയിലാണ് ധനമന്ത്രി അതവതരിപ്പിച്ചത്. സ്വാഭാവികമായും ഒരുപാട് പേർ കൈയടിക്കുകയും ചെയ്തു. ഓരോ വർഷവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റം നോക്കുമ്പോൾ തന്നെ ഇതൊരു വർധനയല്ല എന്നു വ്യക്തം. ഇന്നത്തെ കാലത്ത് 1300 കൊണ്ട് എന്തു ഗുണം എന്ന ചോദ്യം വേറെ. അർഹരായ എല്ലാ വൃദ്ധർക്കും മറ്റു ദുർബല വിഭാഗങ്ങൾക്കും ഭേദപ്പെട്ട രീതിയിൽ തുല്യ പെൻഷൻ നൽകുക എന്ന ലക്ഷ്യമാണ് നമുക്കു വേണ്ടത്.
ഭാവി മുൻകൂട്ടി കാണാനുള്ള കഴിവാണ് ഭരണാധികാരികൾക്കുണ്ടാകേണ്ടത്. അതനുസരിച്ച് ജനക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്യാനാകണം. നിർഭാഗ്യവശാൽ അക്കാര്യത്തിൽ നാം വളരെ പിറകിലാണ്. ഈ വിഷയത്തിലും അതു കാണാം. വാർധക്യകാല പെൻഷന്റെ കാര്യം മാത്രമെടുക്കാം. കേരളം സമീപഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും ഗുരുതരമായ വിഷയമായി വൃദ്ധജനങ്ങളുടെ ജീവിതം മാറാൻ പോകുകയാണ്. അതിനുള്ള പ്രധാന കാരണം കേരളത്തിന്റെ കൊട്ടിഘോഷിക്കുന്ന ചില നേട്ടങ്ങളാണെന്നതാണ് കൗതുകകരം. പ്രാഥമിക ആരോഗ്യ മേഖലയിൽ കേരളം നേടിയ നേട്ടങ്ങൾ യൂറോപ്പിനോടും മറ്റും താരതമ്യം ചെയ്യാവുന്ന നിലയിലാണെന്നാണല്ലോ കൊട്ടിഘോഷിക്കുന്നത്. ചില കണക്കുകൾ നോക്കുമ്പോൾ അതു ശരിയാണുതാനും. അതിലേറ്റവും പ്രധാനമാണ് ശരാശരി ആയുസ്സിന്റെ വർധന.
അക്കാര്യത്തിൽ നമ്മൾ ഇന്ത്യയിലെന്നല്ല, ലോകതലത്തിൽ തന്നെ വളരെ മുന്നിലാണ്. പുരുഷന്മാരുടെ ശരാശരി ആയുസ്സ് 72 നും സ്ത്രീകളുടേത് 77 നുമടുത്താണ്. 80 നുമേൽ ജീവിക്കുന്നവരുടെ എണ്ണത്തിലും കേരളം വളരെ മുന്നിലാണ്. ആരോഗ്യ മേഖലയിൽ കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായി ആഘോഷിക്കപ്പെടുന്നത് ഈ കണക്കാണ്. എന്നാൽ ശരിയെന്നു തോന്നുന്ന ഈ അവകാശവാദത്തിന്റെ മറുവശമെന്താണ്? ഈ വയോജനങ്ങളുടെ ജീവിതാവസ്ഥ ഇന്നെന്താണ്? സർക്കാറിന്റെ പെൻഷൻ ലഭിക്കുന്ന ഒരു ചെറിയ വിഭാഗവും സാമാന്യം സാമ്പത്തിക ശേഷിയുള്ള മറ്റൊരു ചെറിയ വിഭാഗവും കഴിഞ്ഞാൽ ഈ വൃദ്ധജനങ്ങളുടെ സാമ്പത്തിക ജീവിതം വളരെ കഷ്ടമാണ്. കേരളത്തിന്റെ സമകാലിക സാഹചര്യത്തിൽ സർക്കാർ ജോലിയോ വളരെ മികച്ച മറ്റേതെങ്കിലും ജോലിയോ മികച്ച ബിസിനസോ ഇല്ലാതിരുന്നവർക്ക് ഒരു ബാങ്ക് ബാലൻസും കാണില്ല എന്നുറപ്പ്. സ്വന്തമായി ഒരു ചായ വാങ്ങി കുടിക്കാൻ പോലും കൈയിൽ പണമില്ലാത്ത അവസ്ഥ. എന്തിനും ഏതിനും മക്കളെയോ മറ്റു ബന്ധുക്കളെയോ ആശ്രയിക്കേണ്ട അവസ്ഥ. മിക്ക വീടുകളിലും മക്കളാകട്ടെ, സ്വത്തിന്റെയും മറ്റു പലതിന്റെയും പേരിൽ നല്ല ബന്ധത്തിലാണെന്നു പറയാനാകില്ല. അതിനാൽ തന്നെ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാതിരിക്കാനുള്ള മത്സരമാണ് നടക്കുന്നത്. അങ്ങനെയാണ് മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നതും വഴിയിൽ തള്ളുന്നതുമായ സംഭവങ്ങൾ കൂടിവരുന്നത്. അതിനേക്കാൾ രൂക്ഷമാകാൻ സാധ്യതയുള്ളതാണ് വരും വർഷങ്ങളിൽ വയോജനരാകാൻ പോകുന്നവരുടെ അവസ്ഥ. കാരണം അവരിൽ പലർക്കും ഒന്നോ രണ്ടോ മക്കൾ മാത്രമാണുള്ളത്. അവരിൽ പലരും വിദേശത്തും. ഒരുപക്ഷേ എല്ലാ സൗകര്യവും വീട്ടിലുണ്ടാകാം. എന്നാൽ ഏകാന്തതക്കൊപ്പം സ്വന്തം ഇഷ്ടത്തിനു അഞ്ചുപൈസ പോലും ചെലവഴിക്കാനാവാത്ത അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.
മറ്റൊരു പ്രധാന പ്രശ്‌നം കൂടിയുണ്ട്. ആയുസ്സു കൂടിയെങ്കിലും രോഗാതുരതയിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. വയോജനങ്ങളിൽ വലിയൊരു ഭാഗം കിടപ്പിലാണ്. അവരിൽ വർഷങ്ങളായി കിടക്കുന്നവർ ധാരാളം. തികച്ചും അന്തസ്സില്ലാത്ത ജീവിതം നയിക്കേണ്ട അവസ്ഥയിലാണവർ. അൽഷിമേഴ്‌സിലും കേരളം വളരെ മുന്നിലാണെന്നാണ് കണക്കുകൾ. അപ്പോൾ ഈ ദുരന്തത്തിന്റെ ഭീകരത വിവരിക്കേണ്ടതില്ലല്ലോ. സാന്ത്വന ചികിത്സയെ കുറിച്ചൊക്കെ ഏറെ കേൾക്കുമ്പോഴും ആവശ്യക്കാരിൽ ചെറിയൊരു ശതമാനത്തിനേ അതു ലഭിക്കുന്നുള്ളൂ. കേരളത്തിന്റെ നേട്ടമെന്നഭിമാനിക്കുന്ന ആയുർദൈർഘ്യത്തിലെ വർധനയെ ശപിക്കുന്നവരാണ് വൃദ്ധജനങ്ങളിൽ പലരും.
വയോജനങ്ങളിൽ തന്നെ സ്ത്രീകളുടെ അവസ്ഥ പരമദയനീയമാണ്. പുരുഷന്മാരോളം പോലും സ്വന്തമായ വരുമാനമോ സമ്പാദ്യമോ അവർക്കില്ല. മാത്രമല്ല, പുരുഷന്മാരേക്കാൾ ശരാശരി ആയുസ്സ് കൂടുതലായതിനാൽ എണ്ണത്തിൽ അവരാണ് കൂടുതൽ. പ്രസക്തമായ മറ്റൊന്നു കൂടി. ഭർത്താവിനാണല്ലോ പൊതുവിൽ ഭാര്യയേക്കാൾ പ്രായക്കൂടുതലുള്ളത്. അതിനാൽ തന്നെ ഈ വൃദ്ധകളിൽ മിക്കവാറും പേർ വിധവകളാണ്. മക്കളായാലും മറ്റേതൊരു ബന്ധുക്കളായാലും ജീവിത പങ്കാളിയുടെ സാന്നിധ്യം നൽകുന്ന സാന്ത്വനത്തോളം വരില്ല എന്നത് വ്യക്തമാണ്. ഈ വൃദ്ധകളുടെ ദുരന്തം കേരളം ഒരിക്കലും ചർച്ച ചെയ്തു കാണാറില്ല.
വീട്ടിൽ പേരക്കുട്ടികളെ നോക്കിയിരിക്കുക എന്നതാണ് അവരുടെ പ്രധാനജോലി. സാമൂഹ്യ പ്രവർത്തനമോ പൊതുപരിപാടികളിൽ പങ്കെടുക്കലോ മുതൽ ഒരു സിനിമ കാണാനുള്ള അവസരം പോലും കിട്ടാത്ത അവസ്ഥ. വൃദ്ധരുടെ അസോസിയേഷനുകളോ മറ്റു സംഘടനകളോ നമ്മുടെ നാട്ടിൽ വിരളം.
സംസ്ഥാനത്തെ വയോജനങ്ങൾ നേരിടുന്ന, നേരിടാൻ പോകുന്ന രൂക്ഷമായ പ്രശ്‌നങ്ങൾ വിശദീകരിക്കാനാണ് ശ്രമിച്ചത്. സമാന അവസ്ഥയുള്ള പല വികസിത രാഷ്ട്രങ്ങളിലും അവരുടെ സംരക്ഷണം സർക്കാറിന്റെ ഉത്തരവാദിത്തമാണ്. നമ്മൾ ആ തലത്തിലെത്താൻ ഇനിയും എത്രയോ കാലം കാത്തിരിക്കേണ്ടിവരും. പക്ഷേ ആ ദിശയിലുള്ള ചിന്തയെങ്കിലും ആരംഭിക്കേണ്ട സമയം അതിക്രമിച്ചു. പക്ഷേ അതില്ല എന്നതിന്റെ തെളിവാണ് 100 രൂപ വർധിപ്പിച്ച് പെൻഷൻ 1300 ആക്കിയതിനെ നമ്മൾ ആഘോഷിക്കുന്നത്. സർക്കാർ ജീവനക്കാരായിരുന്നു എന്നതിന്റെ മാത്രം പേരിൽ കുറെ പേർക്ക് വൻ പെൻഷൻ നൽകി, മറ്റുള്ളവർക്ക് ഈ നക്കാപ്പിച്ച നൽകുന്ന അവസ്ഥ മാറ്റി, ആവശ്യമുള്ള എല്ലാ വയോജനങ്ങൾക്കും കുറെ കൂടി മെച്ചപ്പെട്ട പെൻഷൻ നൽകാനാണ് ദീർഘവീക്ഷണമുള്ള, പൗരന്മാരോട് പ്രതിബദ്ധതയുള്ള സർക്കാർ തയാറാവേണ്ടത്.
സംസ്ഥാനത്തുടനീളം നേരിട്ടോ സർക്കാറിന്റെ നിയന്ത്രണത്തിലോ വൃദ്ധസദനങ്ങളും പകൽ വീടുകളും സ്ഥാപിക്കണം. അവയെ പറ്റിയുള്ള തെറ്റായ ധാരണ മാറ്റിയെടുക്കണം. പാലിയേറ്റീവ് കെയർ സജീവമാക്കണം. വൃദ്ധരുടെ ചികിത്സക്ക് സർക്കാർ നിയന്ത്രണത്തിൽ ചെലവു കുറഞ്ഞ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണം. അതിലൂടെ അവരുടെ അവസാനകാല ജീവിതവും മരണവും അന്തസ്സുള്ളതാക്കണം. ഈ ദിശയിലൊക്കെ പണം മാറ്റിവെക്കാനാണ് ദീർഘദൃഷ്ടിയുള്ള ഒരു ധനമന്ത്രി തയാറാകേണ്ടത്. എന്നാൽ അത്തരമൊന്ന് തോമസ് ഐസക്കിൽ കാണാനില്ല. മറുവശത്ത് മികച്ച സാമ്പത്തികാവസ്ഥയുള്ളവർ മാതാപിതാക്കളെ പരിചരിക്കാത്തത് കുറ്റകരമാക്കുമെന്ന പഴയ പ്രഖ്യാപനം കൃത്യമായി നടപ്പാക്കണം. ഈ ദിശയിലൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും ആകുന്നില്ലെങ്കിൽ ആയുർദൈർഘ്യം കൂടി എന്ന അവകാശവാദം കേരളത്തിനു ശാപമാകുന്ന കാലമായിരിക്കും വരാൻ പോകുന്നത്.