ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ തലയ്ക്ക് പന്തേറ് കൊണ്ട യുവ ക്രിക്കറ്റ് താരം സുബൈര്‍ അഹ് മദ് മരിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ മര്‍ദാനില്‍ ഒരു ക്ലബ് മത്സരത്തിനിടെയാണ് ദുരന്തം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ദുരന്ത വാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ ക്രീസിലിറങ്ങിയ സുബൈറിനെതിരെ വന്ന വേഗതയേറിയ ബൗണ്‍സര്‍ അപ്രതീക്ഷിതമായി തലയില്‍ വന്നിടിക്കുകയായിരുന്നു.
ഏറുകൊണ്ട് താഴെ വീണ താരത്തിന് ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കിയിരുന്നെങ്കിലും താമസിയാതെ കളിക്കളത്തില്‍ വച്ചു തന്നെ മരിക്കുകയായിരുന്നു. സുബൈറിന്റെ ദാരുണാന്ത്യം കളിക്കളത്തിലെ സുരക്ഷാ മുന്‍കരുതലുകളില്‍ എടുക്കേണ്ട ജാഗ്രതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പാക്ക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
കളിക്കളത്തില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിരിക്കണമെന്നും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കി. സുബൈറിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ബോര്‍ഡ് അറിയിച്ചു.