യാമ്പു- കഴിഞ്ഞ ദിവസം യാമ്പുവിൽ മരിച്ച ചേളാരി സ്വദേശി മങ്ങാട്ട് ഹംസയുടെ മരണം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടയിൽ. നാലു വർഷത്തോളമായി നാട്ടിൽ പോകാതിരുന്ന ഹംസ കഴിഞ്ഞ ജനുവരി പതിനേഴിന് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ജിദ്ദയിൽ സ്വന്തമായി വാച്ചുകട നടത്തിയിരുന്ന ഹംസ, സ്‌പോൺസറുടെ അടുത്ത് നിന്ന് മാറി യാമ്പുവിൽ എത്തുകയായിരുന്നു. ഇത് മൂലം സ്‌പോൺസർ ഹുറൂബ് ആക്കി. ഇതിനിടയിൽ പാസ്‌പോർട്ട്, ഇഖാമ കാലാവധി കഴിഞ്ഞു. ഇതാണ് നാട്ടിൽ പോകാൻ തടസ്സമായത്.
തടസ്സങ്ങൾ എല്ലാം നീക്കി ജനുവരിയിൽ നാട്ടിൽ എത്താമെന്ന് മകൾ ഫാത്തിമ ഹിബക്ക് ഹംസ ഉറപ്പ് നൽകിയിരുന്നു. ഇത് മകളെ ബോധ്യപ്പെടുത്താൻ വീഡിയോ കോളിലൂടെ പെട്ടി ഒരുക്കുന്നതും മറ്റും മകൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നീങ്ങിയില്ല. പറഞ്ഞ ദിവസം നാട്ടിലേക്ക് വരുവാനും കഴിഞ്ഞില്ല. രണ്ടു ദിവസം മുമ്പ് ഹംസ വിളിച്ചപ്പോൾ ഈ വിവരങ്ങൾ മകളുമായി പങ്കുവെച്ചു. ഇതോടെ മകൾക്ക് സങ്കടമായി. ഉപ്പയുമായി സംസാരിക്കാതെ തന്റെ നീരസം അവൾ പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഹൃദയാഘാതത്തിലൂടെ മരണം ഹംസയെ തേടി എത്തുകയായിരുന്നു.
ഉപ്പയുടെ മരണം പൂർണമായും അവൾ അറിഞ്ഞില്ലെങ്കിലും ചില സൂചനകൾ അവൾക്ക് കിട്ടിയിട്ടുണ്ട്. വീട്ടിൽ ആളുകൾ കൂടുന്നതും മറ്റും അവൾക്ക് സംശയം തോന്നാൻ കാരണം ആയിട്ടുണ്ട്. മകളെ എങ്ങനെ വിവരം ധരിപ്പിക്കും എന്ന ആശങ്കയിലാണ് ഹംസയുടെ കുടുംബം.
ഇഖാമയുടെ കാലാവധി കഴിഞ്ഞതും, കഫീൽ ഹുറൂബ് ആക്കിയതും ഹംസയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സാങ്കേതിക തടസം സൃഷ്ടിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞത് വിഷയം കൂടുതൽ സങ്കീർണമാക്കുന്നു. ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും ആഗ്രഹ പ്രകാരം മയ്യിത്ത് നാട്ടിലെത്തിക്കാൻ യാമ്പു കെഎംസിസി പ്രവർത്തകർ കഠിന പ്രയത്‌നം നടത്തുന്നുണ്ട്. നിയമപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് എല്ലാവരും. സൗദിയിൽ താമസിക്കുന്ന ഇന്ത്യക്കാർ താമസരേഖകൾ എല്ലായ്‌പ്പോഴും ശരിയാക്കി സൂക്ഷിക്കണമെന്നാണ് ഹംസയുടെ മരണം ഓർമപ്പെടുത്തുന്നത്.