തിരുവനന്തപുരം- സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ആവശ്യങ്ങളെല്ലാം വെട്ടിച്ചുരുക്കുന്നുവെന്ന് ബജറ്റിൽ അവതരിപ്പിച്ചതിനു പിന്നാലെ പുതിയ കാറുകൾ വാങ്ങാനൊരുങ്ങി സർക്കാർ. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്.
കാറുകൾ വാങ്ങുന്നതിനു പകരം വാടകക്കെടുക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാൽ, ബജറ്റ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുതിയ കാറുകൾ വാങ്ങാനാണ് സർക്കാർ ഒരുങ്ങുന്നതെന്നത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
ബജറ്റിനോടൊപ്പം നിയമസഭയിൽ വെച്ച ഉപധനാഭ്യർഥനയിലാണ് എട്ടു വാഹനങ്ങൾ പുതുതായി വാങ്ങുന്ന കാര്യം പറയുന്നത്.
കേരള ഹൗസിലേക്കടക്കമാണ് കാറുകൾ വാങ്ങുന്നത് എന്നാണ് ആരോപണം. സെയിൽ ടാക്സ് കമ്മീഷണർ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, എക്സിക്യൂട്ടീവ് എൻജിനീയർ (പി.ഡബ്ല്യു.ഡി കോട്ടയം), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, അർബൻ അഫയേഴ്സ് ഡയറക്ടർ, ഇൻഡസ്ട്രിയൽ ട്രൈബൂണൽ (ആലപ്പുഴ), എൽ.എസ്.ജി.ഡി ഓംബുഡ്സ്മാൻ, കേരള ഹൗസ് എന്നിവക്കായാണ് വാഹനങ്ങൾ വാങ്ങുന്നത്.
എന്നാൽ ബജറ്റിനു മുൻപു തന്നെ കാറുകൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നതായി ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വാഹനങ്ങൾക്കെല്ലാം ടോക്കൺ തുകയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ല. വാങ്ങുന്ന വാഹനങ്ങളുടെ വില അനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും. ഏഴാം തീയതി അവതരിപ്പിച്ച ബജറ്റിലാണ് സർക്കാർ വകുപ്പുകൾക്കായി കാറുകൾ വാങ്ങുന്നതിനു പകരം വാടകക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ കാറുകൾ വാങ്ങാനാണ് സർക്കാർ ഒരുങ്ങുന്നതെന്നത് ആക്ഷേപത്തിനിടയാക്കി.
ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്താൽ 1000 വണ്ടിക്ക് 7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.