കൊച്ചി - യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിക്ക് സർക്കാർ വഴിവിട്ട് നിയമനം നൽകിയെന്ന കേസിൽ വിജിലൻസിനെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വഴിവിട്ട നിയമനത്തിലൂടെ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ അനൂപ് ജേക്കബ്, മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടി തിരുവനന്തപുരം സ്വദേശിനി എസ്. മണിമേഖല സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. അനൂപ് ജേക്കബിനും കുഞ്ഞാലിക്കുട്ടിക്കും കോടതി നോട്ടീസയച്ചിരുന്നു.
അനൂപിന്റെ സഹോദരി അമ്പിളി ജേക്കബിന് കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഡസ്ട്രീസ് ലിമിറ്റഡിൽ മാർക്കറ്റിംഗ് മാനേജരായി നിയമനം നൽകിയെന്നാണ് ആരോപണം. മതിയായ യോഗ്യതയില്ലാത്ത അമ്പിളി ജേക്കബിനെ നിയമിച്ചതിലൂടെ കുഞ്ഞാലിക്കുട്ടിയും അനൂപ് ജേക്കബും അടക്കമുള്ളവർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഖജനാവിന് 46 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.