കോഴിക്കോട് - ബെംഗളൂരു സ്‌ഫോടന കേസിൽ പ്രതിചേർത്ത് 11 കൊല്ലമായി ജാമ്യം പോലും നിഷേധിച്ച് ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മോചനം തേടി ഉമ്മ ബിയ്യുമ്മ സുപ്രീം കോടതിയെ സമീപിക്കും.
മകൻ സക്കരിയ്യ ഉൾപ്പെടെ നൂറു കണക്കിനാളുകളെ പുറം ലോകം കാണാതെ ജയിലിൽ അടച്ചിരിക്കുന്നതിന് കാരണമായ യു.എ.പി.എ നിയമത്തിനെതിരെയാണ് ഉമ്മ കോടതിയെ സമീപിക്കുന്നത്.
ഫ്രീ സകരിയ്യ ആക്ഷൻ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെയാണ് സുപ്രീംകോടതിയെ സമീപിക്കുകയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ കർണാടക പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ഭീകരനിയമമായ യു.എ.പി.എ ചുമത്തുകയായിരുന്നു. യു. എ.പി.എയുടെ പേരിൽ ജയിലടക്കപ്പെടുന്ന നിരപരാധികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ബിയ്യുമ്മയുടെ പുതിയ പോരാട്ടമെന്നും അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഉമർ ആലത്തൂർ, സി.എ നൗഷാദ്, ഷമീർ കോണിയത്ത് എന്നിവർ പങ്കെടുത്തു.