Sorry, you need to enable JavaScript to visit this website.

സി.ബി.ഐ ചമഞ്ഞ് തടിപ്പ്: നടി ലീനാ മരിയാ പോളിന് ലുക്കൗട്ട് നോട്ടീസ്

കൊച്ചി- സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് വ്യവസായിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി ലീന മരിയ പോളിനെതിരെ ലുക്കൗട്ട് നോട്ടീസ്. ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് ലീനക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്താത്തതിനെത്തുടര്‍ന്നാണ് ലീനക്കെതിരേ അടുത്ത നടപടികളിലേക്ക് സി.ബി.ഐ. കടന്നത്. സമാനമായ പണം തട്ടിപ്പു കേസുകളില്‍ നേരത്തെ ലീനയും ഭര്‍ത്താവ് സുകേശും അറസ്റ്റിലായിട്ടുണ്ട്.
സി.ബി.ഐ.യുടെ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെയാണ് ലീനയും കൂട്ടാളികളും ചേര്‍ന്ന് കബളിപ്പിച്ചത്. റാവുവിനെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്. സി.ബി.ഐ. ഓഫീസര്‍മാരാണെന്ന വ്യാജേന റാവുവിനെ സമീപിച്ച് ഇവര്‍ കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ അര്‍ച്ചിതിനു പുറമേ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ് എന്നിവരേയും സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീനയുടെ പങ്ക് പുറത്തായത്.
സി.ബി.ഐ.യുടെ ദല്‍ഹി ഓഫീസിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികള്‍ ഫോണ്‍ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്. ഇതു സംബന്ധിച്ച ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സി.ബി.ഐ.ക്കു ലഭിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി സി.ബി.ഐ. ലീനയുടെ കൊച്ചിയിലേയും ചെന്നൈയിലേയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്നു ഒളിവില്‍ പോകുകയായിരുന്നെന്നാണ് സി.ബി.ഐ. പറയുന്നത്. ഇതിനു ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലീനയുടെ പാര്‍ലറിലും വീട്ടിലും സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഇതുവരെ പ്രതികരണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് സി.ബി.ഐ. ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

Latest News