അബുദാബി- തദ്ദേശ തെരഞ്ഞെടുപ്പ് ഇക്കൊല്ലവും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കൊല്ലവും നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേര് റജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കി പ്രവാസി സംഘടനകള്‍ രംഗത്ത്. യു.എ.ഇയില്‍ ഇന്‍കാസ്, ശക്തി തിയറ്റേഴ്‌സ്, കെ.എം.സി.സി എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്.
ഓണ്‍ലൈനിലൂടെ റജിസ്റ്റര്‍ ചെയ്യാനുള്ള സഹായങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ പരിചയമില്ലാത്തവര്‍ക്കും നിശ്ചിത കേന്ദ്രങ്ങളിലെത്തിയാല്‍ സഹായം നല്‍കും. അബുദാബി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഇതിനു സൗകര്യം ഒരുക്കിയിട്ടുണ്ട് . ശക്തി തിയറ്റേഴ്‌സ് അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരിക്കുന്നത്.
അബുദാബി ഇന്‍കാസ് മലയാളി സമാജത്തിലും സൗകര്യം ഒരുക്കും.
പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ www.lsgelection.kerala.gov.in വെബ്‌സൈറ്റ് ഹോം പേജിലെ 'വോട്ടേഴ്‌സ് ലിസ്റ്റ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, പോളിംഗ് സ്‌റ്റേഷന്‍ എന്നിവ നല്‍കിയാല്‍ വോട്ടര്‍പട്ടിക കാണാം. മറ്റൊരു വഴി കൂടിയുണ്ട്. തദ്ദേശ വോട്ടര്‍ തിരിച്ചറിയല്‍ നമ്പര്‍ കൈവശമുണ്ടെങ്കില്‍ ഹോം പേജിലെ 'സേര്‍ച് വോട്ടര്‍' ഐക്കണില്‍ ക്ലിക് ചെയ്യുക. തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമ്പോള്‍ പേരും വാര്‍ഡും അടക്കമുള്ള വിശദാംശങ്ങള്‍ കാണാം.
കമ്മിഷന്റെ വെബ്‌സൈറ്റിലെ ഫോം 4എയിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത ശേഷം അവയുടെ പ്രിന്റ് എടുത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കു നേരിട്ടോ തപാലിലൂടെയോ അയയ്ക്കണം. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസത്തിലെ വാര്‍ഡിലാണ് പേര് ഉള്‍പ്പെടുത്തുക.