കൊല്ലം- കടവൂര്‍ ജയന്‍വധക്കേസില്‍ ആര്‍എസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷയും ഓരോ ലക്ഷംരൂപാ വീതം പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ ഹാജരായ സാഹചര്യത്തിലാണ് കോടതി വിധി പറഞ്ഞത്. നേരത്തെ ശിക്ഷ പ്രഖ്യാപിക്കാനായി കോടതി തീരുമാനിച്ചിരുന്നുവെങ്കിലും പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. രണ്ടാംതവണയും കേസ് പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരായില്ല.
ഇതേതുടര്‍ന്ന് പ്രതികളെ ഉടന്‍ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 2012 ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയന്‍ പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് എത്തിച്ചതെന്നാണ് വിവരം.