കോഴിക്കോട്: വയനാട്ടില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ എല്ലാ സ്‌കൂളുകളിലും മാളം തപ്പി നടക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പരിഹാസം. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് അധ്യാപകരെ കെപിഎ മജീദ് പരിഹസിച്ചത്.
'ഏതോ സ്‌കൂളിലെ ഒരു കുട്ടിയെ പാമ്പ് കടിച്ചുവെന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളമുണ്ടോയെന്ന് തപ്പി നടക്കുകയാണ് അധ്യാപകര്‍. വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല. മാനേജ്‌മെന്റുകളെയും അധ്യാപകരെയും വിരട്ടി വിദ്യാഭ്യാസമേഖല ശുദ്ധീകരിക്കാമെന്ന് ആരും കരുതേണ്ട. വിരട്ടല്‍ മുഖ്യമന്ത്രി പിണറായിയുടെ തനത് ശൈലിയാണെന്നും കെപിഎ മജീദ് ആരോപിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനത്തിനെതിരെ മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിഎ മജീദിന്റെ പ്രസ്താവന.