Sorry, you need to enable JavaScript to visit this website.

ബഖാലകളിൽ സ്ത്രീകളെ ജോലിക്ക് വെക്കൽ; പ്രചാരണം തെറ്റെന്ന് ശൂറ കൗൺസിൽ 

റിയാദ് - ബഖാലകളിൽ സൗദി വനിതകളെ ജോലി ചെയ്യുന്നതിന് അനുവദിക്കണമെന്ന നിർദേശം താൻ മുന്നോട്ടുവെച്ചു എന്ന നിലക്ക് പുറത്തുവന്ന റിപ്പോർട്ടുകൾ തീർത്തും തെറ്റാണമെന്ന് ശൂറാ കൗൺസിൽ ധന കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് ബിൻ ജുംഅ വ്യക്തമാക്കി. ബഖാലകളിൽ ജോലി ചെയ്യുന്നതിന് സൗദി വനിതകളെ അനുവദിക്കണമെന്ന് ഡോ. ഫഹദ് ബിൻ ജുംഅ ആവശ്യപ്പെട്ടു എന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഈ സഹചര്യത്തിലാണ് വിശദീകരണവുമായി ഫഹദ് ബിൻ ജുംഅ രംഗത്തെത്തിയത്.  
ബഖാലകളും ഫാർമസികളും അലക്കുകടകളും ബാർബർ ഷോപ്പുകളും ടൈലറിംഗ് ഷോപ്പുകളും റെസ്റ്റോറന്റുകളും പഞ്ചർ കടകളും അടക്കം എല്ലാവിധ സേവനങ്ങളും ലഭിക്കുന്ന വാണിജ്യ കേന്ദ്രങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ സ്ഥാപിക്കണമെന്നും പരിസരപ്രദേശങ്ങളിലെ നിവാസികളായ സൗദി വനിതകളെ ഇത്തരം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നതിന് അനുവദിക്കണമെന്നും ഡോ. ഫഹദ് ബിൻ ജുംഅ ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ. ഒറ്റക്ക് പ്രവർത്തിക്കുന്ന ഫാർമസികൾക്കും ബഖാലകൾക്കും ലൈസൻസ് അനുവദിക്കുന്നത് വിലക്കണം. ബഖാലകളുടെ എണ്ണം സൗദി പൗരന്മാരുടെ എണ്ണത്തെക്കാൾ കൂടുതലായി മാറിയിട്ടുണ്ട്. 
ഓരോ ഡിസ്ട്രിക്ടിലെയും ജനസംഖ്യാ നിരക്കിന് അനുയോജ്യമായ വലിപ്പത്തിലുള്ള വാണിജ്യ കേന്ദ്രങ്ങളായിരിക്കണം സ്ഥാപിക്കേണ്ടത്. ആധുനിക രീതിയിൽ ഇവ നിർമിക്കണം. ഒരു വാണിജ്യ കേന്ദ്രത്തിൽ ഒരേപോലുള്ള ഒന്നിലധികം സ്ഥാപനങ്ങളുണ്ടാകാൻ പാടില്ല. ഇത്തരം വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പരിസരപ്രദേശങ്ങളിലെ സൗദി യുവതീയുവാക്കളെ തൊഴിലുകൾ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കും. പ്രദേശവാസികളായതിനാൽ തൊഴിൽ സ്ഥലത്തേക്കുള്ള യാത്രാ ചെലവ് ലാഭിക്കുന്നതിനും ഇത്തരം പദ്ധതികൾ സൗദികളെ സഹായിക്കും. കൂടാതെ സമീപപ്രദേശത്തെ താമസക്കാരെന്നോണം പരസ്പരം അറിയുന്നവരായതിനാൽ സൗദി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഇത്തരം വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. നിരവധി പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതി സഹായിക്കും. സൗദി യുവതീയുവാക്കൾ ജോലി ചെയ്യുന്ന ബഖാലകളിലും മറ്റു സ്ഥാപനങ്ങളിലും ഹോം ഡെലിവറിക്ക് യൂബറും കരീമും പോലുള്ള നവടാക്‌സി കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമെന്നും ഡോ. ഫഹദ് ബിൻ ജുംഅ അഭിപ്രായപ്പെട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു നിർദേശം താൻ മുന്നോട്ടുവെച്ചിട്ടേയില്ലെന്ന് ഡോ. ഫഹദ് ബിൻ ജുംഅ പറഞ്ഞു. 

വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ എങ്ങിനെ ഇല്ലാതാക്കുമെന്നതിനെ കുറിച്ച ചോദ്യത്തിന് മറുപടിയാണ് ജനവാസകേന്ദ്രങ്ങളിൽ എല്ലാ വിഭാഗം സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന അഭിപ്രായം താൻ പ്രകടിപ്പിച്ചത്. ഇത്തരം വാണിജ്യ കേന്ദ്രങ്ങളിൽ പഞ്ചർ കടകൾ പാടില്ല. പഞ്ചർ കടകൾ പെട്രോൾ ബങ്കുകളോട് ചേർന്നാണ് സ്ഥാപിക്കേണ്ടത്. ബഖാലകളിലും പഞ്ചർ കടകളിലും സൗദി വനിതകളെ ജോലിക്കു വെക്കണമെന്ന് താൻ ആവശ്യപ്പെട്ടു എന്ന നിലക്ക് പുറത്തുവന്ന റിപ്പോർട്ടുകൾ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. 
ബഖാല മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നുണ്ട്. സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ ഈ മേഖലയിൽ പതിനായിരക്കണക്കിന് സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലർച്ചെ മുതൽ അർധ രാത്രി വരെ നീളുന്ന തൊഴിൽ സമയവും വേതനക്കുറവും മറ്റും ബഖാലകളിലെ സൗദിവൽക്കരണത്തിന് പ്രതിബന്ധം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കുന്നതിനുള്ള പോംവഴികളെ കുറിച്ച് മന്ത്രാലയം പഠിക്കുന്നുണ്ട്. രാത്രി ഒമ്പതിന് അടക്കൽ നിർബന്ധമാക്കുന്ന നിലക്ക് വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ക്രമീകരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സൗദിവൽക്കരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് ശ്രമിച്ചാണ് ഇത്തരമൊരു നീക്കം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയത്. 

Latest News