ജിദ്ദ- ചരിത്ര നഗരി ഉൾക്കൊള്ളുന്ന ജിദ്ദയിലെ ബലദിൽ വൻ തീപ്പിടിത്തം. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തുടങ്ങിയ തീപ്പിടിത്തം ഇപ്പോഴും തുടരുകയാണ്. ജിദ്ദ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പത്തിലേറെ അഗ്നിശമന, റെസ്‌ക്യൂ ടീം യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
ഇവിടെയുള്ള മൂന്ന് കെട്ടിടങ്ങളിൽനിന്നാണ് തീ പുറപ്പെട്ടത്. ഇതിൽ രണ്ട് കെട്ടിടങ്ങളിൽ നിറയെ താമസക്കാരുണ്ടെന്നാണ് അറിവ്. സുരക്ഷ മുൻനിർത്തി സമീപ പ്രദേശങ്ങളിൽനിന്ന് പോലും താമസക്കാരെ ഒഴിപ്പിച്ചതായി മക്ക സിവിൽ ഡിഫൻസ് അതോറിറ്റി വക്താവ് കേണൽ സഈദ് സർഹാൻ അറിയിച്ചു. അപകടത്തിൽ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല. മലയാളികളടക്കം നിരവധി പേർ താമസിക്കുന്ന ഏരിയയാണിത്.