തിരുവനന്തപുരം- ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനായിരുന്നുവെന്ന് നവോത്ഥാന സമിതിയുടെ മുന്‍ ജോയിന്റ് കണ്‍വീനര്‍. സി.പി സുഗതനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയത്. രാഹുല്‍ ഈശ്വറിന്റെ പൗരത്വഭേദഗതി നിയമത്തിന് എതിരായി മലപ്പുറത്ത് നിരാഹാരസമരം നടത്താനുള്ള തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സി.പി സുഗതന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന് താഴെയുള്ള ഒരാളുടെ ചോദ്യത്തിന് കമന്റായാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താന്‍ സാധിക്കുമോ എന്ന് പരീക്ഷിക്കാനായിരുന്നു നവോത്ഥാന സമിതിയില്‍ ചേര്‍ന്നതെന്ന് അദേഹം പറയുന്നു.
''തന്റെ മദര്‍ ഓര്‍ഗനൈസേഷന്‍ ആര്‍എസ്എസാണ്.താന്‍ ബിജെപിക്കാരെ തെറി വിളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും.മോഡിയുടെ ഒന്നാംഭരണത്തിലെ ചില നയങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല. ആതാണ് സ്വയംസേവകര്‍. രാജ്യത്തോടും സംഘത്തോടും എന്നും ലോയല്‍ ആയിരിക്കും. പ്രൊ-ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചുകളഞ്ഞതെന്ന്'' എന്നാണ് അദേഹത്തിന്റെ ഫേസ്ബുക്ക് കമന്റ്.