പാലക്കാട്- ആർ.എസ്.എസ് സൈദ്ധാന്തികനും ഭാരതീയ വിചാര കേന്ദ്രം മേധാവിയുമായിരുന്ന പി. പരമേശ്വരൻ അന്തരിച്ചു. സംസ്കാരം ഇന്ന് വെകീട്ട് സ്വദേശമായ മുഹമ്മയില്‍. ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 91 വയസ്സായിരുന്നു.
ചേർത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരിൽ ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1927ലായിരുന്നു ജനനം. ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്താണ് ആർ.എസ്.എസ്. പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നത്.
1951 മുതൽ മുഴുവൻസമയ ആർ.എസ്.എസ് പ്രചാരകനായി. കേരളത്തിൽ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ചു. ദൽഹി ദീൻ ദയാൽ ഇൻസ്റ്റിറ്റ്യൂട്ട് , ഭാരതീയവിചാരകേന്ദ്രം എന്നിവയുടെ ഡയറക്ടർ, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികൾ വഹിച്ചു.
പത്മശ്രീ, പദ്മ വിഭൂഷൺ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ആർഷസംസ്കാര പരമശ്രേഷ്ഠ പുരസ്കാരം അമൃതകീർത്തി പുരസ്കാരമുൾപ്പെടെയുള്ള ബഹുമതികളും ലഭിച്ചു.