പ്രവാചകാനുയായികളിൽ ചിലർ അബ്‌സീനിയയിൽ എത്തിയെങ്കിലും കുറെ പേർ മക്കയിൽ തന്നെ അവശേഷിക്കുന്നുണ്ടായിരുന്നു. പ്രവാചകനും അവശേഷിക്കുന്ന അനുയായികൾക്കും നേരെ ഖുറൈശികൾ ഉപരോധം ഏർപ്പെടുത്തി. അബൂ താലിബിന്റെ മലഞ്ചെരുവിൽ (ശഅബ് അബീതാലിബ്) മൂന്നുവർഷക്കാലം പച്ചിലയും വെള്ളവും ഭക്ഷിച്ച് അവർക്ക് കഴിഞ്ഞു കൂടേണ്ടിവന്നു. വറുതിയുടെയും പട്ടിണിയുടെയും നീണ്ട നാളുകളിലും ക്ഷമ അവലംബിച്ചുകൊണ്ട് അവർ അവിടെ കഴിഞ്ഞു. അൽപമെങ്കിലും സ്‌നേഹം ചൊരിഞ്ഞിരുന്ന പിതൃവ്യൻ അബൂതാലിബും പ്രവാചകൻ സകല വിഷമങ്ങളും സമർപ്പിക്കുകയും സങ്കടങ്ങൾ പറയുകയും ചെയ്തിരുന്ന സഹധർമ്മിണിയും ജീവിതപങ്കാളിയുമായ ഖദീജയും വിട്ടുപിരിഞ്ഞതോടെ ഇനിയെന്ത് എന്ന ചോദ്യം പ്രവാചകനെ അലട്ടി. ക്രുദ്ധഭാവത്തോടെ നടക്കുന്ന ഖുറൈശികൾക്കും പതിതരും പീഡിതരുമായ അനുയായികൾക്കുമിടയിൽ പ്രവാചകൻ സമാധാനവും സംരക്ഷണവും ലഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കുടുംബ ബന്ധങ്ങളുള്ള തായിഫിൽനിന്നും എന്തെങ്കിലും സഹായം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. സൈദ് ബ്‌നു ഹാരിഥയേയും കൂട്ടി അദ്ദേഹം തായിഫിലേക്ക് നടന്നു. മക്കയിൽനിന്നും 60 നാഴികയുണ്ട് തായിഫിലേക്ക്. കുന്നും മലകളും പാറക്കൂട്ടങ്ങളും താണ്ടി അവർ തായിഫ് ലക്ഷ്യമാക്കി പോയി. പോകുന്ന വഴിയിൽ കണ്ടുമുട്ടിയവരോടെല്ലാം ഇസ്‌ലാമിന്റെ മഹിത വിശ്വാസത്തെക്കുറിച്ചും സംസ്‌കാരത്തെ കുറിച്ചും അദ്ദേഹം പറഞ്ഞുനോക്കി. ഒരാളും അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തായിഫിലെ ഥഖീഫ് ഗോത്രക്കാരിലെ പ്രമുഖർ വളരെ രൂക്ഷമായി പ്രതികരിച്ചു. 'നിന്നെയാണോ അല്ലാഹു പ്രവാചകനാക്കിയത്, നിന്നോട് സംസാരിക്കാൻ ഞങ്ങളില്ല, അല്ലാഹു നിന്നെയാണ് പ്രവാചകനാക്കി അയച്ചതെങ്കിൽ കഅബയുടെ വസ്ത്രങ്ങൾ ഞങ്ങൾ പിച്ചിച്ചീന്തും'. പത്ത് ദിവസം അവിടെ കഴിച്ചു കൂട്ടി. ഒരാളിൽ നിന്നും ഒരു സഹായവുമുണ്ടായില്ല. അവർ അണിയണിയായി നിരന്നു നിന്ന് പ്രവാചകനുമേൽ കല്ലുകൾ വർഷിച്ചു. കുട്ടികളെയും അടിമകളെയും ഒരുമിച്ചുകൂട്ടി പ്രവാചകനെ ക്രൂരമായി ദ്രോഹിക്കാൻ അവരോട് ആജ്ഞാപിച്ചു. അവർ പ്രവാചകനെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും തായിഫിന്റെ വഴികളിലൂടെ ആട്ടിയോടിച്ചു. പാറക്കഷ്ണങ്ങളുടെ കൂർത്ത മുനകളേറ്റ് പ്രവാചകന്റെ ശരീരത്തിൽ മുറിവുകളുണ്ടായി. രക്തമൊലിക്കുന്ന ശരീരവുമായി തളർന്നുവീണ പ്രവാചകനെ വഴിയരികിൽ ഉപേക്ഷിച്ചു.
മൂന്നു നാഴികയോളം അവരതു തുടർന്നു കൊണ്ടിരുന്നു. വഴിയിലെ ഒരു തോട്ടത്തിൽ അദ്ദേഹം അഭയം തേടി. മക്കയിലെ പ്രവാചകന്റെ ശത്രുവായിരുന്ന ഉത്ബയുടെ തോട്ടമായിരുന്നു അത്. തോട്ടമതിലിന്റെ തണലിൽ അദ്ദേഹം വിശ്രമിക്കാനിരുന്നു. കൈകൾ ഉയർത്തി അല്ലാഹുവിനോട് അദ്ദേഹം കരഞ്ഞുകൊണ്ട് പ്രാർഥിച്ചു. 'അല്ലാഹുവെ എന്റെ ശക്തിയുടെയും തന്ത്രത്തിന്റെയും ദുർബലതയെ കുറിച്ച് ഞാൻ നിന്നോട് ആവലാതി ബോധിപ്പിക്കുന്നു. കാരുണ്യവാനായ നാഥാ, നീ അടിച്ചമർത്തപ്പെട്ടവരുടെ രക്ഷകനാണ്. എന്റെ അവലംബം നീ മാത്രമാണ്. എന്നോട് കോപമില്ലെങ്കിൽ എന്നെ നീ പരീക്ഷിക്കരുതേ, നിന്റെ കാരുണ്യത്തെ ഞാൻ ചോദിക്കുന്നു'.
മനം നൊന്തുകൊണ്ടുള്ള ഈ പ്രാർഥന കണ്ട ഉത്ബയും സഹോദരൻ ശൈബയും അലിവ് തോന്നി വേലക്കാരന്റെ അരികിൽ അല്പം മുന്തിരി കൊടുത്തയച്ചു. അദ്ദാസ് എന്നായിരുന്നു അയാളുടെ പേര്. ക്രിസ്ത്യാനിയായിരുന്നു അയാൾ. അദ്ദാസ് പ്രവാചകന്റെ നേർക്ക് മുന്തിരി നീട്ടി. പ്രവാചകൻ മുന്തിരിയെടുത്തു 'ബിസ്മില്ലാഹ്' എന്നുച്ചരിച്ചുകൊണ്ട് വായിലേക്ക് വെച്ചു. ബിസ്മില്ലാഹ് എന്നു കേട്ടപ്പോൾ അദ്ദാസ് ചോദിച്ചു. 'ഇത് ഈ നാട്ടുകാർ പറയുന്ന വാചകമല്ലല്ലോ'. പ്രവാചകൻ ചോദിച്ചു. 'നീ ഏതു നാട്ടുകാരനാണ്. ഏതു മതക്കാരനാണ്?'. അദ്ദാസ് പറഞ്ഞു: 'ഞാൻ കൃസ്തുമതവിശ്വാസിയാണ്. എന്റെ സ്വദേശം നീനവയാണ്'. പ്രവാചകൻ പറഞ്ഞു: 'സദ്‌വൃത്തനായ യൂനുസിന്റെ നാട്'. അദ്ദാസ് ചോദിച്ചു: 'യൂനുസിനെ എങ്ങനെ അറിയാം?'. പ്രവാചകൻ പറഞ്ഞു: 'അദ്ദേഹം എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനായിരുന്നു. ഞാനും പ്രവാചകനാണ്'. ഇതുകേട്ടപ്പോൾ അദ്ദാസ് പ്രവാചകന്റെ ശിരസ്സും കൈകളും കാലുകളും ചുംബിക്കുകയുണ്ടായി.
ഇതുകണ്ട ഉത്ബയും ശൈബയും അദ്ദാസിനോട് ദേഷ്യപ്പെട്ടു. 'താൻ എന്താണീ ചെയ്യുന്നത്'? അദ്ദാസ് പറഞ്ഞു: 'യജമാനനെ, ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യനാണിദ്ദേഹം. ഒരു പ്രവാചകനല്ലാത്ത ഒരാൾക്കും പറയാൻ സാധിക്കാത്ത ഒരു കാര്യമാണ് എന്നോട് അദ്ദേഹം പറഞ്ഞിരിക്കുന്നത്'. അവർ രണ്ടുപേരും അദ്ദാസിനോട് ഇങ്ങനെ പറഞ്ഞു: 'അദ്ദാസ്, നീ നിന്റെ മതത്തെ ഉപേക്ഷിക്കേണ്ട. മുഹമ്മദിന്റെ മതത്തേക്കാൾ നല്ല മതമാണ് നിന്റേത്'.
പ്രവാചകൻ വളരെ ദുഃഖിതനായി തായിഫിൽനിന്നും മടങ്ങി. ഖർനുൽ മനാസിലിൽ എത്തിയപ്പോൾ അല്ലാഹു ജിബ്‌രീലിനെ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. ജിബ്‌രീലിന്റെ കൂടെ മലകുൽ ജിബാലും (പർവതങ്ങളുടെ മലക്ക്) ഉണ്ടായിരുന്നു. പിൽക്കാലത്ത് ആഇശ (റ) യോട് പ്രവാചകൻ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. തായിഫിൽനിന്നും മുറിവേറ്റ മനസ്സും ശരീരവുമായി മടങ്ങുമ്പോൾ 'മുഹമ്മദ്, എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്, അത് ഞാൻ നടത്തിത്തരാം, മക്കയിലെ വൻ പർവതങ്ങളായ അബൂഖുബൈസും അതിനഭിമുഖമായി നിൽക്കുന്ന പർവതവും അവർക്കുമേൽ മേൽ വീഴ്ത്താം' എന്നു മലകുൽ ജിബാൽ പ്രവാചകനോട് പറഞ്ഞു. താങ്കൾ പറഞ്ഞാൽ മതി. പ്രവാചകൻ പറഞ്ഞു: അവരുടെ (തായിഫുകാരുടെ) മുതുകുകളിൽ നിന്നും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാകുമെന്നു ഞാൻ ആഗ്രഹിക്കുന്നു'.
പ്രവാചകന്റെ വിനയവും വിവേകവും ഒരു പോലെ പ്രകടമായ ദിനമായിരുന്നു അന്ന്. അത്യധികം ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്ത ഒരു ജനതയിൽ നിന്നു പോലും ഭാവിയിൽ നല്ല മനുഷ്യരുണ്ടാകുമെന്ന ശുഭപ്രതീക്ഷ നല്ല ഹൃദയമുള്ളവരിൽ മാത്രമേ പ്രകടമാകൂ. ഇത്രയൊക്കെ സംഭവിച്ചിട്ടും തന്റെ നാഥനിലുള്ള പ്രതീക്ഷ അദ്ദേഹം കൈവിട്ടില്ല. മക്കയിൽ നിന്നും ഒറ്റപ്പെട്ടപ്പോൾ സഹായിക്കാൻ അബൂതാലിബ് ഉണ്ടായിരുന്നു. അദ്ദേഹവും വിടപറഞ്ഞപ്പോൾ തായിഫിലേക്കൊന്നു എത്തിനോക്കിയതായിരുന്നു. അദ്ദേഹത്തിൽ വിശ്വസിച്ച അനുയായികളാകട്ടെ എന്തെങ്കിലുമൊരു തുറവി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
തിരിച്ചു മക്കയിലേക്ക് പ്രവേശിക്കുമ്പോൾ സൈദ് ബ്‌നു ഹാരിഥ ചോദിച്ചു: 'പ്രവാചകരെ നാം എങ്ങനെ മക്കയിലേക്ക് പ്രവേശിക്കും? അവർ നമ്മെ പുറത്താക്കിയതല്ലേ?' പ്രവാചകൻ പറഞ്ഞു: 'സൈദ്, അല്ലാഹു എന്തെങ്കിലും ഒരു മാർഗം കാണിക്കാതിരിക്കില്ല, അവൻ അവന്റെ മതത്തെയും പ്രവാചകനെയും സഹായിക്കാതിരിക്കില്ല.' മക്കയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി അദ്ദേഹം ഹിറയിൽ വിശ്രമിച്ചു. മുത്ഇമു ബ്‌നു അദിയ്യ് ഇങ്ങനെ പറഞ്ഞു: 'ഖുറൈശികളെ, മുഹമ്മദിന് ഞാൻ അഭയം നൽകിയിരിക്കുന്നു.'പ്രവാചകൻ മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിക്കുകയും ഹജറുൽ അസ്‌വദ് ചുംബിക്കുകയും കഅബ ത്വവാഫ് ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം സുരക്ഷിതനായി വീട്ടിൽ പ്രവേശിക്കുകയും ചെയ്തു. മുത്ഇമു ബ്‌നു അദിയ്യും മക്കളും അദ്ദേഹത്തിന്റെ സംരക്ഷകരായി വീട് വരെ പിന്തുടർന്നു. അബൂജഹൽ മുത്ഇമു ബ്‌നു അദിയ്യിനോട് ചോദിച്ചു: 'താങ്കൾ ഒരു സംരക്ഷകൻ മാത്രമാണോ? അതോ മുഹമ്മദിന്റെ അനുയായി ആയിക്കഴിഞ്ഞോ?' മുത്ഇം പറഞ്ഞു: 'സംരക്ഷകൻ മാത്രമാണ്'.
ഇതര മതസ്ഥരിൽ ശത്രുതയില്ലാത്തവരുടെ സഹായവും സംരക്ഷണവും സ്വീകരിക്കുന്നതിന് യാതൊരു വിരോധവുമില്ലെന്ന പാഠം ഇതിലൂടെ പ്രവാചകൻ പഠിപ്പിച്ചു. അതോടൊപ്പം സ്വന്തം വിശ്വാസവും ആദർശവും അടിയറവ് വെക്കാതെ മുമ്പോട്ട് പോകുവാനുള്ള ആത്മധൈര്യവും അദ്ദേഹം പ്രകടിപ്പിച്ചു. നല്ല ഒരു നാളെയെ കുറിച്ചുള്ള ശുഭപ്രതീക്ഷ അദ്ദേഹം കൈവെടിഞ്ഞില്ല.