കൊൽക്കത്ത- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ അത്‌ലറ്റികോ കൊൽക്കത്ത വീണ്ടും ഒന്നാം സ്ഥാനത്ത്. ഒഡീഷയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തിയത്. റോയി കൃഷ്ണയുടെ ഹാട്രിക് മികവിലാണ് കൊൽക്കത്തയുടെ മിന്നുന്ന ജയം. മാനുവൽ ഓൺവുടെ വകയായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോൾ. നാലാം സ്ഥാനത്തേക്കുള്ള പോര് മുറുകവെ ഒഡീഷ എഫ്.സി വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണിത്. നിലവിൽ 21 പോയിന്റുമായി ആറാം സ്ഥാനത്താണ് ഒഡീഷ. എ.ടി.കെ 16 കളികളിൽ നിന്നും പത്തു ജയവുമായി ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കൊൽക്കത്ത മൂന്നു ഗോളുകളും നേടിയത്. 49-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ വീഴുന്നത്. ഹാവിയർ ഹെർണാണ്ടസ് എടുത്ത കോർണർ കിക്കിനെ വലയ്ക്കുള്ളിക്കാൻ റോയി കൃഷ്ണയ്ക്കായി. കളിയിലുടനീളം റോയി കൃഷ്ണയെ മാർക്ക് ചെയ്തു നിന്ന നാരായൺ ദാസിന് ഈ നീക്കം തടുക്കാനായില്ല. ആദ്യ ഗോളിന്റെ നടുക്കം വിട്ടുമാറും മുൻപേ ഒഡീഷയുടെ പോസ്റ്റിനകത്ത് കൊൽക്കത്ത രണ്ടാമതും പന്തെത്തിച്ചു. രണ്ടാമത്തെ ഗോളും റോയ് കൃഷ്ണയിലൂടെ ആയിരുന്നു. അറുപത്തിമൂന്നാമത്തെ മിനിറ്റിൽ ഹാട്രിക് തികച്ചു. നാലു മിനിറ്റിനുള്ളിൽ മാനുവൽ ഓൺവു ഒഡീഷയ്ക്കായി ഒരു ഗോൾ മടക്കി.