ഓക്‌ലന്റ്- ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടു. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്റ് നേടിയ എട്ടിന് 273 പിന്തുടർന്ന ഇന്ത്യ 251 റൺസിന് എല്ലാവരും പുറത്തായി. 22 റൺസിനാണ് ഇന്ത്യ തോറ്റത്. മുപ്പത്തിരണ്ടാമത്തെ ഓവറിൽ തന്നെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 എന്ന നിലയിൽ നാണം കെട്ടുനിൽക്കുകയായിരുന്ന ഇന്ത്യയെ ജഡേജയും സൈനിയും ചേർന്നാണ് മാന്യമായ തോൽവിയിലേക്ക് എങ്കിലും എത്തിച്ചത്. ഇരുവരും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് 76 റൺസാണ് സമ്മാനിച്ചത്. 49 പന്തിൽ 45 റൺസ് എടുത്താണ് സെയ്‌നി പുറത്തായത്.
ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലാൻഡ് 2-0 ന് സ്വന്തമാക്കി.
ഗുപ്റ്റിൽ 79 പന്തിൽനിന്ന് 79 റൺസും ടെയ്‌ലർ 74 പന്തിൽനിന്ന് 73 റൺസുമെടുത്ത് ന്യൂസിലാന്റിനെ മുന്നിൽനിന്ന് നയിച്ചു. ഹെൻറി നിക്കോൾസ് 59 പന്തിൽനിന്ന് 41 റൺസും അടിച്ചുകൂട്ടി. ശ്രാദ്ധുൽ താക്കൂർ രണ്ടും യശ്‌വേന്ദ്ര ചാഹൽ മൂന്നും ജഡേജ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാരെല്ലാം തുടക്കത്തിൽ തന്നെ പരാജയപ്പെട്ടു. മൂന്നാമത്തെ ഓവറിൽ തന്നെ മായങ്ക് അഗർവാളിനെ ഇന്ത്യക്ക് നഷ്ടമായി. അഞ്ച് പന്തിൽനിന്ന് മൂന്നു റൺസ് മാത്രമായിരുന്നു അഗർവാൾ നേടിയത്. അഞ്ചാമത്തെ ഓവറിലെ അവസാനത്തെ പന്തിൽ മറ്റൊരു ഓപണറായ പൃഥി ഷായും മടങ്ങി. (24 റൺസ്, 19 പന്തിൽ). പത്താമത്തെ ഓവറിൽ വിരാട് കോഹ്‌ലി ടിം സൗത്തിയുടെ പന്തിൽ കൂടാരം കയറി. 25 പന്തിൽ 15 റൺസ്. തുടർന്ന് ശ്രേയസ് അയ്യർ 52 റൺസ് നേടി. രാഹുൽ (4), കേദാർ ജാദവ്(9), യശ്‌വേന്ദ്ര ചാഹൽ(10) ശ്രാദ്ധുൽ താക്കൂർ (18), എന്നിവരെല്ലാം നിരാശപ്പെടുത്തി. ജദേജയും (73 പന്തിൽ 55) സെയ്‌നി(49 പന്തിൽ 45)യുമാണ് ഇന്ത്യയെ അവസാന ഓവറുകളിൽ മുന്നോട്ട് നയിച്ചത്. 49-ാം ഓവറിൽ ജഡേജ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു. 48.3 ഓവറിൽ 251 റൺസിന് ഇന്ത്യ ഓൾഔട്ട് ആവുകയായിരുന്നു. മൂന്നു മത്സരങ്ങളുള്ള പരമ്പര ഇതോടെ ന്യൂസിലാന്റ് സ്വന്തമാക്കി. ആറുവർഷത്തിന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്റ് ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.