Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സ് തിരുവനന്തപുരം വിമാനം അപകടത്തില്‍പെട്ടത് പൈലറ്റുമാരുടെ അശ്രദ്ധമൂലം

ദുബായ്- തിരുവനന്തപുരത്തുനിന്നെത്തിയ എമിറേറ്റ്‌സ് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത് പൈലറ്റുമാരുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് അന്തിമ റിപ്പോര്‍ട്ട്. 2016 ഓഗസ്റ്റ്  മൂന്നിന്  ഉച്ചക്ക് 2.45 ന് നടന്ന അപകടത്തില്‍നിന്ന് യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വിമാനം തീപ്പിടിക്കുകയും പൊട്ടിത്തെറിച്ച് കഷണങ്ങളായി മാറുകയും ചെയ്തിരുന്നു.
സാങ്കേതിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പൈലറ്റുമാര്‍ കുറേക്കൂടി ജാഗ്രത കാട്ടിയിരുന്നുവെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശീലനം കാര്യക്ഷമമാക്കും.
തിരുവനന്തപുരത്തുനിന്നുള്ള ഇകെ 521 വിമാനത്തില്‍ 282 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യത്തിനിടെ അഗ്‌നിശമനസേനാംഗം ജാസിം  ഈസ  അല്‍  ബലൂഷി മരിച്ചു.
കാറ്റിന്റെ  ഗതിമാറ്റത്തെക്കുറിച്ചും വേഗത്തെക്കുറിച്ചും  ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നല്‍കിയിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നു രണ്ടു തവണ ലാന്‍ഡിംഗ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ  ശാസ്ത്രജ്ഞര്‍, വിമാന നിര്‍മാണരംഗത്തെ വിദഗ്ധര്‍, വൈമാനികര്‍ എന്നിവരാണ് അന്വേഷണത്തിന് സഹകരിച്ചത്.

 

Latest News