ജിദ്ദ- സൗദി അറേബ്യന്‍ ക്ലബ് ഫുട്ബോളിലെ ഒരുകാലത്തെ മിന്നും താരമായിരുന്ന ഹുസൈന്‍ മബ്റൂക് അല്‍ ഹറബിയുടെ ഇപ്പോഴത്തെ കഥയറിയാമോ?. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വകയില്ലാതെ സ്വന്തം കിഡ്നി വില്‍പ്പനക്ക് വെച്ചിരിക്കുകയാണ് ഈ മുന്‍ താരം. സൗദിയിലെ മുന്‍നിര ക്ലബ്ബായ അല്‍ ഇത്തിഹാദിന്‍റെ പ്രതിരോധ നിരയില്‍ ഏറെക്കാലം കരുത്തുറ്റ സാന്നിധ്യമായിരുന്നു മബ്റൂക്. കളമൊഴിഞ്ഞ ശേഷം വര്‍ഷങ്ങളായി ആരവങ്ങളൊന്നുമില്ലാതെ കഴിയുകയായിരുന്ന അല്‍ ഹര്‍ബി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയിലാകെ നിരാശ പടര്‍ത്തിയിരിക്കുകയാണ്. . 'കടം വാങ്ങിയ പണം പലര്‍ക്കായി കൊടുത്തു വീട്ടാനുണ്ട്. സാമ്പത്തികമായി തകര്‍ന്നതിനാല്‍ കുടുംബം പോറ്റാനും പാടുപെടുകയാണ്. ഇതു മറികടക്കാന്‍ എന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആവശ്യമുള്ളവര്‍ എന്നെ വിളിക്കുക,' എന്നായിരുന്നു അല്‍ ഹര്‍ബിയുടെ ട്വീറ്റ്.
വൈകാതെ ഹര്‍ബിയെ അറിയുന്നവരെല്ലാം നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകരും ഇത്തിഹാദ് ആരാധകരും ഹര്‍ബിയുടെ സങ്കടകരമായ അവസ്ഥയില്‍ സഹതാപം പ്രകടിപ്പിച്ചു. 'ഒരു കായിക താരത്തിന് ഇത്തരമൊരു ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നതും അദ്ദേഹത്തെ സഹായിക്കാന്‍ ആരുമില്ലാത്തതും നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. ഇത്തിഹാദ് ക്ലബ് അധികൃതര്‍ അവരുടെ മുന്‍ താരത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,' പ്രമുഖ സ്‌പോര്‍ട്‌സ് എഴുത്തുകാരനായ സാലിഹ് അല്‍ അമൂദി പ്രതികരിച്ചു.
അല്‍ ഹര്‍ബിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പ്രമുഖ കായിക താരങ്ങളും അദ്ദേഹത്തിന്റെ സഹകളിക്കാരായിരുന്നവരും ഹര്‍ബിയെ സഹായിക്കാന്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തു വരണമെന്നും അദ്ദേഹത്തൊടൊപ്പം നില്‍ക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.