Sorry, you need to enable JavaScript to visit this website.

പ്രവാസിക്ഷേമത്തിന് 90 കോടി രൂപ; പുനരധിവാസത്തിനു മുന്‍ഗണന

തിരുവനന്തപുരം- സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ ക്ഷേമത്തിന് 90 കോടി രൂപ വകയിരുത്തി.
2019-20ല്‍ 30 കോടിയാണ് നീക്കിവെച്ചിരുന്നത്.  തിരിച്ചുവരുന്ന മലയാളികളുടെ പുനരധിവാസത്തിനാണ് ഏറ്റവും വലിയ മുന്‍ഗണന.

സാന്ത്വനം സ്‌കീമിനായി 27 കോടി രൂപ മാറ്റിവെച്ചു.  സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തില്‍നിന്ന് ഒന്നരലക്ഷമാക്കി ഉയര്‍ത്തി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി നല്‍കും. ചെറുകിട സംരംഭകര്‍ക്കും മൂലധന സബ്‌സിഡിയും നാലു വര്‍ഷത്തേക്ക് പലിശ രഹിത സബ്‌സിഡിയും നല്‍കാന്‍ 18 കോടി.
വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കു വേണ്ടി സാധാരണനിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതി ആരംഭിക്കും.

 നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടുകോടി. വിദേശജോലിക്ക് പ്രോത്സാഹനം നല്‍കും. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കാന്‍ ഒരുകോടി രൂപ. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപ. പതിനായിരം നഴ്‌സുമാര്‍ക്ക് 2020-21ല്‍ വിദേശജോലി ലഭ്യമാക്കാന്‍ ക്രാഷ്ഫിനിഷിങ് നല്‍കും. ഇതിന് അഞ്ചുകോടി രൂപ വകയിരുത്തി.
വിവിധ വിദേശഭാഷകളില്‍ പരിശീലനം, ഓരോ രാജ്യവും നിഷ്‌കര്‍ഷിക്കുന്ന ഭാഷാ പ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്‌കില്‍, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്‌കൂള്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിദേശത്തെ മലയാളികള്‍ക്ക് സഹായത്തിനായി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍, പ്രവാസി ലീഗല്‍ സെല്‍ എന്നിവയ്ക്ക് മൂന്നുകോടി നല്‍കും. പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടുകോടി. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് ഇവാക്വാഷേനും വേണ്ടി ഒന്നരക്കോടിരൂപ. ഇന്റര്‍നെറ്റ് റേഡിയോ, മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളില്‍ ഗ്രന്ഥശാലകള്‍, മലയാളം പഠിക്കാനുള്ള ഓണ്‍ലൈന്‍ കോഴ്‌സ് എന്നിവയ്ക്ക് മൂന്നുകോടി രൂപ. ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കും 12 കോടി. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികള്‍ 2020-21ല്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കും.
പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി പറഞ്ഞു.

 

Latest News