തിരുവനന്തപുരം- വിശപ്പ് രഹിത കേരളം ലക്ഷ്യമിട്ട് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെ ചുമതലയില്‍ 1000 ഭക്ഷണശാലകളാണ് ആരംഭിക്കുന്നത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖേന ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്പോണ്‍സര്‍മാരെ ഉപയോഗിച്ച് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും.
അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉല്‍പാദനം അപ്പോഴേക്കും ആരംഭിക്കാനാകും. സാധാരണഗതിയില്‍ ഇതിനായി വേണ്ട അഞ്ച് മരുന്നുകള്‍ക്ക് പ്രതിദിനം 250 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കെഎസ്ഡിപിയില്‍ ഉല്‍പാദനം ആരംഭിക്കുമ്പോള്‍ 28 രൂപയ്ക്ക് മരുന്ന് ലഭ്യമാക്കാമാകും. ക്യാന്‍സറിന്റെ മരുന്നുകളുടേയും വില കുറയ്ക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.