കോഴിക്കോട്- ചെങ്കോട്ടയിൽ പതാക ഉയർത്തിയതും രാജ്യത്തിന്റെ സർവ്വസൈന്യാധിപനായിരിക്കുന്നതും ആർ.എസ്.എസുകാരാണെന്നും ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കുന്നയാളല്ല മോഹൻ ഭാഗവതെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. പാലക്കാട്ട് എ്‌യ്ഡഡ് സ്‌കൂളിൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തിയത് സംബന്ധിച്ച് വിവാദത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഒന്നും മനസുവെച്ചാൽ രാജ്യത്തെ ഏത് ഉന്നതപദവിയും ലഭിക്കുമായിരുന്നയാളാണ് മോഹൻ ഭാഗവതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവർണ്ണർമാരും ഒന്നാന്തരം ആർ. എസ്. എസുകാരാണെന്നും അതിൽ അഭിമാനിക്കുന്നവരുമാണ്. ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതും സർവസൈന്യാധിപനായിരിക്കുന്നതും ആർ. എസ് എസുകാരല്ലേ? ഒരിക്കൽ മോദിജി കൊച്ചിയിൽ വന്നപ്പോൾ ചടങ്ങു ബഹിഷ്‌കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരിൽ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം. ഇപ്പോൾ മോദിയോടൊപ്പം വേദി പങ്കിടാൻ കഴിയാത്തതിൻറെ വേവലാതിയാണ് പലർക്കും. ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ രാജ്യത്തെ ഏത് ഔദ്യോഗിക പദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹൻജി. ഇനിയെങ്കിലും നിർത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാൽ ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോൾ ബോധ്യമായില്ലേ?..