"ഞാന്‍ അമ്മയോട് ചേര്‍ന്നുനടക്കുകയായിരുന്നു. അമ്മയുടെ ചുമലില്‍ ആയിടെ പിറന്ന എന്‍റെ കുഞ്ഞുപെങ്ങളുമുണ്ടായിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ അമ്മയുടെ തോളത്ത് അനിയത്തിയെ കാണുന്നില്ല. അവളെവിടെ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് വളരെ ശബ്ദം താഴ്ത്തിയുള്ള മറുപടി. പി ന്നെയൊരു ഓട്ടമായിരുന്നു. കുറെദൂരെ എത്തിയപ്പോള്‍ ഒരു മൈതാനത്ത് കിടന്ന് അവള്‍ കൈകാലിട്ടടിച്ച് കരയുന്നു. വാരിയെടുത്തു. അമ്മയുടെ അടുത്തെത്തിച്ചു. അവളെ കരുതിക്കൂട്ടി ഉപേക്ഷിച്ചതാണോ എന്നറിയില്ല. തന്‍റെ കുഞ്ഞിനെ കാപാലികര്‍ എന്തായാലും കൊല്ലുമെന്നും ആ കാഴ്ച്ച കാണാനാകില്ലെന്നും കരുതിയാകണം അവളെ മൈതാനത്തില്‍ ഉപേക്ഷിച്ചുപോരാന്‍ നിര്‍ബന്ധിച്ചത്. എന്തായാലും അവളിപ്പോഴും ജീവനോടെയിരിക്കുന്നു...'"
വിഭജനത്തിന്‍റെ കെടുതികള്‍ക്ക് നേര്‍സാക്ഷിയായ നിസാര്‍ അക്തര്‍ എന്ന എഴുപത്തിയാറുകാരന്‍ പറയുന്നു. വിഭജനം നടക്കുമ്പോള്‍ ആറു വയസായിരുന്നു അക്തറിന്‍റെ പ്രായം. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടാണ് നിസാര്‍ അക്തര്‍ തന്‍റെ കഥ പറയുന്നത്. ആറാമത്തെ വയസില്‍ കണ്ട കാഴ്ച്ച ഇപ്പോഴും മറക്കാതെയുണ്ട് നിസാര്‍ അക്തറിന്‍റെയുള്ളില്‍.
പഞ്ചാബിലെ ഹൊഷിയാര്‍പൂര്‍ എന്ന സ്ഥലത്തായിരുന്നു അക്തറിന്‍റെ വീട്. തൊട്ടടുത്തുള്ള ഓരോ കെട്ടിടങ്ങള്‍ അഗ്‌നിക്കിരയാക്കുന്നു. സിക്കുകാരായിരുന്നു അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നത്. പിഞ്ചുപൈതങ്ങളെ ആകാശത്തേക്കെറിഞ്ഞ് ശൂലം കൊണ്ട് കുത്തിക്കൊല്ലുന്ന കാഴ്ച്ച. എങ്ങിനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടണം. പുറത്തേക്ക് കടക്കാനുള്ള വഴികളെല്ലാം അടഞ്ഞിരിക്കുന്നു.
ശൂലമുയര്‍ത്തിയുള്ള ആക്രോശങ്ങള്‍ മുഴങ്ങുന്നു. വഴിയിലെല്ലാം കുറെ മനുഷ്യര്‍ വീണുകിടക്കുന്നു. ശൂലമുനയേറ്റ് അവരുടെ ദേഹമെല്ലാം തുളഞ്ഞുപോയിട്ടുണ്ട്. അതില്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരും വൃദ്ധരും സ്ത്രീകളുടേതുമെല്ലാമുണ്ടായിരുന്നു. അവര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. അസഹ്യമായ വേദനകൊണ്ടു പുളയുന്നുണ്ടായിരുന്നു. . വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ കുറെ മനുഷ്യര്‍. അവരെയെല്ലാം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോയി. എല്ലാവര്‍ക്കും അവരവരുടെ ജീവന്‍ മാത്രമായിരുന്നു നോട്ടം. മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല. ലക്ഷ്യം പാക്കിസ്ഥാനായിരുന്നു. ഇന്ത്യയില്‍ കഴിയാന്‍ അവര്‍ക്കനുവാദമുണ്ടായിരുന്നില്ല. അവര്‍ക്കായി രാഷ്ട്രീയക്കാര്‍ മറ്റൊരു രാജ്യമുണ്ടാക്കിയിട്ടുണ്ട്. സ്വന്തം ലോകം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്കാണ് പലായനം ചെയ്യേണ്ടത്. സ്വന്തം ലോകത്ത്‌നിന്ന് അവര്‍ അവരുടേതല്ലാത്ത ഒരു രാജ്യത്തേക്കായി ചുരുങ്ങുകയായിരുന്നു.
ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനെ വേര്‍പ്പെടുത്തിയ നിമിഷം. മതത്തിന്‍റെ പേരില്‍ രാജ്യത്തിനൊപ്പം മുറിഞ്ഞുപോയത് സംസ്കാരവും ചരിത്രവും കൂടിയായിരുന്നു. അന്ന് മുതല്‍ ഇന്ത്യ മറ്റൊരിന്ത്യയാകുകയായിരുന്നു. അന്ന് തുടങ്ങിയതാണ് മതത്തിന്‍റെയും മറ്റും പേരിലുള്ള പോര്‍വിളികള്‍. അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രാണവായു ലഭിക്കാനില്ലാതെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ ഉന്തിത്തുറിച്ച കണ്ണുകള്‍ക്ക് മുന്നിലിരുന്നു പോലും ലജ്ജയില്ലാതെ രാഷ്ട്രീയം പറയാന്‍ കഴിയുന്നവരായി ഒരു ജനത ചുരുങ്ങിയിരിക്കുന്നു.
ഇനിയും തീര്‍പ്പാകാത്ത അതിര്‍ത്തിയിലെ രേഖകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കെടാത്ത കനലുകളുണ്ടാക്കുന്നു. വെടിയൊച്ചകളുടെ ഇടിമുഴക്കത്താല്‍ അതിര്‍ത്തികളുറങ്ങാതെയിരിക്കുന്നു.
ഐസ്കാന്‍ഡി മാന്‍ എന്ന നോവലില്‍ പാക് വംശജയായ എഴുത്തുകാരി (ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസം) ബാപ്‌സി സിദ്ധ്വ കോറിവരച്ചിടുന്ന ചില വരികളുണ്ട്. വിഭജനത്തെ പറ്റി. അതിങ്ങനെയാണ്.
''വിക്‌ടോറിയ രാജ്ഞിയുടെ പാവാട പോലെ പരന്നുകിടക്കുന്ന പൂന്തോട്ടം. അതിന് പിറകിലായി ഉയര്‍ന്നു നില്‍ക്കുന്ന ഫല്ലറ്റി ഹോട്ടല്‍. അവിടെ കറങ്ങുന്ന സീലിങ് ഫാനുകള്‍ക്ക് താഴെയിരുന്ന് റാഡ്ക്ലിഫ് കമ്മീഷന്‍ അംഗങ്ങള്‍ ദൈവങ്ങളായി. ഇന്ത്യന്‍ പട്ടണങ്ങള്‍ അവര്‍ ചീട്ടുകള്‍ പോലെ വീതിച്ചു നല്‍കി. ലാഹോര്‍ പാക്കിസ്ഥാന്, അമൃത്‌സര്‍ ഇന്ത്യക്ക്, സിയാല്‍കോട്ട് പാക്കിസ്ഥാന്, പത്താന്‍കോട്ട് ഇന്ത്യക്ക്. ഞാന്‍ പാക്കിസ്ഥാനിയായിരിക്കുന്നു. ഒരൊറ്റ നിമിഷം കൊണ്ട്. അപ്രതീക്ഷിതമായി. പെട്ടെന്ന്...''
ഒരു സ്വകാര്യ സംഭാഷണത്തിനിടെ ബാപ്‌സി ഈ ലേഖകനോട് പറഞ്ഞു.
''രാജ്യത്തിന്‍റെ വിഭജനത്തെ വസ്തുനിഷ്ഠമായി കണ്ട ഒരാളാണ് ഞാന്‍. പ്രിയപ്പെട്ട നിരവധി പേര്‍ വിട്ടുപോയതിന്റെ വേദന എന്‍റെയുള്ളില്‍ മായാതെ കിടക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കും പലതും തമാശയായിരുന്നു. സാധാരണക്കാരാണ് ദുരിതം അനുഭവിച്ചത്. ഞാനതിന് സാക്ഷിയായിരുന്നു. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സ്ത്രീകളെയായിരുന്നു അശുദ്ധമാക്കിയത്. സ്ത്രീകളുടെ വിറങ്ങലിച്ച ഏങ്ങലടികളും രോദനങ്ങളും കേട്ടു. എന്തിനാണിവര്‍ ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചു. അവര്‍ക്കിഷ്ടമില്ലാത്ത കുഞ്ഞുങ്ങളെ ഗര്‍ഭം പേറേണ്ടിവന്നതുകൊണ്ട് എന്നായിരുന്നു ഉത്തരം. പതിനായിരക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. വിജയിച്ചവര്‍ സ്ത്രീകള്‍ക്ക് മേല്‍ വിജയം ആഘോഷിച്ചു. പരാജയപ്പെട്ടവര്‍ സ്ത്രീകള്‍ക്ക്‌മേല്‍ പരാജയത്തിന്‍റെ കണക്കുതീര്‍ത്തു. എന്‍റെ ചുറ്റിലുമുള്ള ലോകത്ത് ഞാന്‍ കണ്ടത് ഇതെല്ലാമാണ്''. ബാപ്‌സി പറയുന്നു.
വിഭജനത്തിന്‍റെ കെടുതികള്‍ക്കിടയില്‍ കൂരമ്പുകളേറ്റുവാങ്ങേണ്ടി വന്ന, ആ ഓര്‍മ്മകളില്‍ കഴിയുന്ന കുറെ മനുഷ്യര്‍ ഇപ്പോഴും ഇരുരാജ്യങ്ങളിലുമായി കഴിയുന്നുണ്ട്.
പാക്കിസ്ഥാനില്‍ അനുഭവിക്കേണ്ടി വന്ന ദുരിതം ഓര്‍ക്കുകയാണ് മധു സോന്ധി എന്ന എഴുപത്തിയഞ്ചുകാരന്‍. മുസ്‌ലിംകളായിരുന്നു അവിടെ വേട്ടക്കാര്‍. ഇന്ത്യയിയില്‍ തങ്ങളുടെ സഹോദരന്‍മാര്‍ക്ക് നേരിടേണ്ടി വന്ന പീഡനത്തിനുള്ള പ്രതികാരം എന്ന നിലക്കായിരുന്നു പാക്കിസ്ഥാനിലെ ക്രൂരത. ആളുകളെ പച്ചക്ക് കൊല്ലുന്നതിന്‍റെ കാഴ്ച്ചകള്‍ക്ക് സാക്ഷിയായവര്‍ പറഞ്ഞുകേട്ട അനുഭവം മധു സോന്ധി വിവരിക്കുന്നു. അഞ്ചു വയസുകാരനായ മധു സോന്ധിയുടെ അമ്മയുടെ സഹോദരിയാണ് ആ കഥ പറഞ്ഞത്. റെയില്‍വേ സ്‌റ്റേഷനിലും മറ്റുമിട്ട് ആളുകളെ കൊല്ലുന്നതിന് അവര്‍ സാക്ഷിയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയാണ് ഇങ്ങിനെ കൊന്നൊടുക്കിയത്. ആളുകളുടെ മൂക്കിലൂടെയും കണ്ണിലൂടെയുമെല്ലാം പേനയും പെന്‍സിലും കുത്തിക്കയറ്റുന്നു. മനുഷ്യരെ ഓടിച്ചിട്ട് കൊല്ലുന്നു. തലയില്ലാത്ത, ഉടല്‍ മാത്രമായ കുറെ മനുഷ്യര്‍. തെരുവുകളിലെല്ലാം കബന്ധങ്ങള്‍.
മധുവിന്‍റെ അമ്മയുടെ സഹോദരന്‍ വീടിന് പിറകിലുള്ള ഫാമിലായിരുന്നു ഒളിച്ചിരുന്നത്. ഹിന്ദുക്കളെ കൊല്ലാന്‍ ലക്ഷ്യമിട്ട് കലാപകാരികള്‍ പാഞ്ഞടുത്തു. ഫാമിലുണ്ടായിരുന്ന മുസ്ലിം ജോലിക്കാര്‍ ഇദ്ദേഹത്തെ ഒരു ചെറിയ ഷെഡിലൊളിപ്പിച്ചു. ചാണകം കൊണ്ട് മൂടിയാണ് അദ്ദേഹത്തെ കലാപകാരികളില്‍നിന്ന് രക്ഷിച്ചത്. പിന്നീട് ഒരു കുതിരവണ്ടിയില്‍ ഒളിപ്പിച്ച് അഭയാര്‍ത്ഥി ക്യാമ്പിലെത്തിച്ചു. തന്‍റെ വീടും പുരയിടവും തന്നെ രക്ഷിച്ചവര്‍ക്ക് നല്‍കിയാണ് അമ്മാവന്‍ നന്ദി പ്രകടിപ്പിച്ചതെന്നും മധു ഓര്‍ത്തെടുക്കുന്നു.
എണ്‍പത്തിയേഴ് വയസുള്ള സഈദ് ഹസന്‍ ഖാന്‍ അന്നത്തെ കൂട്ടക്കുരുതിയെല്ലാം കണ്ടത് ട്രെയിനിന്റെ ജാലകപ്പഴുതിലൂടെയായിരുന്നു. 1947 സെപ്തംബറില്‍ കിഴക്കന്‍ പഞ്ചാബില്‍ കുടുങ്ങിപ്പോയ ഹസന്‍ ഖാന്‍ കൂട്ടുകാരനൊപ്പമാണ് സ്‌പെഷ്യല്‍ ട്രെയിനില്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചത്. ഈ ട്രെയിനിന് പാക്കിസ്ഥാന്‍ പട്ടാളത്തിന്‍റെ സുരക്ഷയുണ്ടായിരുന്നു. ജലന്ധറിലും അമൃത്സറിലും അംബാലയിലുമെല്ലാം മൃതദേഹങ്ങള്‍ കുന്നുക്കൂടി കിടക്കുന്നുണ്ടായിരുന്നു. ഒരിക്കലും മറക്കാത്ത കാഴ്ച്ചയായിരുന്നു അതെന്ന് ഹസന്‍ ഖാന്‍ പറയുന്നു.
വിഭജനത്തിന് ശേഷം, ഏഴ് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ ഇന്ത്യയുമായി ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്നു. അന്ന് ക്രിക്കറ്റ് ആരാധകര്‍ക്കായി പാക്കിസ്ഥാന്‍ അതിര്‍ത്തികള്‍ തുറന്നിട്ടു. വിസ ആവശ്യമുണ്ടായിരുന്നില്ല. അമൃത്സറില്‍നിന്നും ജലന്ധറില്‍നിന്നും ആരാധകര്‍ ഒഴുകിയെത്തി. ക്രിക്കറ്റ് കാണുകയായിരുന്നില്ല അവരുടെ ലക്ഷ്യം. ഉപേക്ഷിച്ചുപോയ രാജ്യത്തെയും തങ്ങളുടെ പ്രിയപ്പെട്ടതിനെയും ഒരിക്കല്‍ കൂടി കാണുക എന്നതായിരുന്നു.
ലോകം കണ്ട ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നായിരുന്നു ഇന്ത്യ-പാക് വിഭജനത്തിന് ശേഷം സംഭവിച്ചത്. അതിന്‍റെ മുറിവുകള്‍ ഇപ്പോഴുമുണങ്ങിയിട്ടില്ല. അതില്‍നിന്ന് ചോരയൊലിച്ചുകൊണ്ടേയിരിക്കുന്നു. ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന ജനതയോട് ദേശസ്‌നേഹത്തിന്‍റെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഇപ്പോഴും അതിര്‍ത്തിയിലേക്കാണ് കൈ ചൂണ്ടുന്നത്. പാക്കിസ്ഥാനിലേക്ക് പോകൂ എന്ന ആക്രോശത്തിന് പിന്നിലും വിഭജനത്തോളം നീണ്ടുകിടക്കുന്ന വൈരാഗ്യത്തിന്‍റെ കണക്കുകളുണ്ട്. ജനം എല്ലാം പൊറുക്കാനും മറക്കാനും തയ്യാറാണ്. പക്ഷെ, ഇതിന്റെ പേരില്‍ ലാഭം കൊയ്യുന്നവര്‍ ആരെയും ഒന്നും മറക്കാന്‍ സമ്മതിക്കുന്നില്ല.
അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോഴും കരിമ്പടം പുതച്ചുതന്നെയിരിക്കുന്നു. സ്വാതന്ത്ര്യം പുലരിയിലേക്കടുക്കുന്നില്ല. അതിന്‍റെ നേര്‍ക്കാഴ്ച്ചകളിലേക്ക് രാജ്യം ഓരോ ദിവസവും കണ്ണുതുറന്നുകൊണ്ടേയിരിക്കുന്നു.
ഹസന്‍ഖാന്‍ തന്നെ പറയട്ടെ
"വിഭജനകാലത്ത് ലാഹോറിലെ എല്ലാ വീട്ടുകാര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദുരന്തമോ ഭീതിയോ പേറേണ്ടി വന്നിട്ടുണ്ട്. 'പക്ഷെ ആ ദുരനുഭവങ്ങളൊക്കെ അവര്‍ മറന്നിരിക്കുന്നു. പഞ്ചാബി ഹിന്ദുക്കളേയും സിക്കുകാരെയും അവര്‍ ലാഹോറില്‍ കാണുമ്പോള്‍ പലഹാരക്കടക്കാരന്‍ അവരില്‍ പണം വാങ്ങില്ല. ഹോട്ടലുകാര്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നു. ലാഹോറുകാരന്‍ അതിരുകളില്ലാത്ത ആതിഥ്യം കാണിക്കുന്നു. തിരിച്ച് പാക്കിസ്ഥാനികള്‍ ജലന്ധറിലേക്കോ അമൃതസറിലേക്കോ പോകുമ്പോള്‍ അവിടയുള്ള ജനങ്ങളും ഈ സ്‌നേഹം തിരിച്ചു കാണിക്കുന്നു.
ഇതിനര്‍ത്ഥം, വിഭജനത്തിന്‍റെ മുറിവുകള്‍ എല്ലാവരുടേയും ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങള്‍ എല്ലാം പൊറുക്കാനും മറക്കാനും തയാറാണെന്നാണ്."
സാധാരണക്കാരായ മനുഷ്യര്‍ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറാണ്. അവരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് മറ്റു ചിലരാണ്. അവരില്‍നിന്ന് കൂടി നാം സ്വാതന്ത്ര്യം നേടുമായിരിക്കും...