പാലക്കാട്- ജില്ലാ കലക്ടറുടെ വിലക്ക് ലംഘിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് ജില്ലയിലെ എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. സ്കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാനധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ സ്കൂള്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.പാലക്കാട് ജില്ലയിലെ മുത്താംന്തറ എയ്ഡഡ് സ്‌കൂളിലാണ് സംഭവം.
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്‍മാര്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടര്‍ ഉത്തരവ് കൈമാറിയത്. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നോട്ടീസ് നല്‍കിയത്. ജനപ്രതിനിധികളോ പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളൂവെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ആര്‍ എസ് എസ് അനുഭാവികളായ മാനേജ്‌മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മോഹന്‍ ഭാഗവത് രാവിലെ ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തുമെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരം ദേശീയ പതാക ആര്‍ക്കും ഉയര്‍ത്താമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. മോഹന്‍ ഭാഗവത് തന്നെ സ്‌കൂളില്‍ പതാക ഉയര്‍ത്തുമെന്ന നിലാടിലായിരുന്നു ആര്‍ എസ് എസ്.
അതിനിടെ, ചടങ്ങില്‍ ദേശീയ ഗാനമായ ജനഗണമന ചൊല്ലാനും തയ്യാറായില്ല. ദേശീയപതാക ഉയര്‍ത്തിയ ശേഷം ജനഗണമനയാണ് ചൊല്ലേണ്ടത്. എന്നാല്‍ ഇതിന് പകരമായി വന്ദേമാതരമാണ് ചൊല്ലിയത്. ഇത് ഫ്ലാഗ് കോഡിന് വിരുദ്ധമാണെന്നാണ് ആരോപണം.